Breaking News

കേന്ദ്രമന്ത്രി സ്ഥാനം; വിവാദ വാര്‍ത്തകള്‍ തള്ളി സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകള്‍ തള്ളി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനത്തില്‍ സുരേഷ് ഗോപി അൃപ്തനാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ഇതിനോടകം ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളത്ു കൊണ്ടാണ് ക്യാബിനറ്റ് പദവി ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായും സുരേഷ് ഗോപി ഇക്കാര്യം വിശദീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കുന്ന വിധത്തില്‍ അദ്ദേഹത്തെ സഹമന്ത്രിയായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

സിനിമയാണ് വരുമാന മാര്‍ഗമെന്നും ലഭിക്കുന്ന പണത്തില്‍ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ ധാരണയായ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കാമെന്നും ഡല്‍ഹിയിലേക്ക് ഉടന്‍ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള നേതാവായ നടന്‍ പവന്‍ കല്യാണിനും സുരേഷ് ഗോപിക്കും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കാനാണ് ആലോചനയുണ്ടായിരുന്നത് എന്നാണ് സൂചന.

പവന്‍ കല്യാണുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയതായാണ് വിവരം. കാബിനറ്റ് റാങ്ക് ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുന്നതിലുള്ള തടസങ്ങള്‍ പവന്‍ കല്യാണ്‍ സുരേഷ് ഗോപിയെ അറിയിച്ചു. പവന്‍ കല്യാണ്‍ മന്ത്രിപദം ഏറ്റെടുത്തതുമില്ല. ഇതോടെയാണ് മന്ത്രിപദം ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി കേന്ദ്രത്തെ അറിയിച്ചത്. ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ചത്. അപ്പോഴേക്കും രാവിലെ 6.10നുള്ള ഡല്‍ഹി വിമാനം പുറപ്പെട്ടിരുന്നു. ടിക്കറ്റ് ലഭ്യമല്ലെന്ന വിവരം സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചു. ബെംഗളൂരുവിലെത്തി ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താനായിരുന്നു നിര്‍ദേശം. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 3 ടിക്കറ്റുകള്‍ ലഭിച്ചു.

അതേസമയം, കാബിനറ്റ് മന്ത്രിമാര്‍ സിനിമയില്‍ അഭിനയിക്കരുതെന്നോ നിലവിലുള്ള ജോലി ചെയ്യരുതെന്നോ ചട്ടം ഇല്ലെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി വിശദീകരിച്ചു. വകുപ്പിന്റെ പൂര്‍ണ ചുമതലയുള്ളതിനാല്‍ സമാന്തര ജോലികള്‍ ചെയ്യാന്‍ സമയം ലഭിക്കാന്‍ സാധ്യത തീര്‍ത്തും വിരളമാണ്. രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍ മന്ത്രി പദവി വഹിച്ചപ്പോള്‍ ജോലി താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. സഹമന്ത്രിമാര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങളില്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ മറ്റു ജോലികള്‍ ചെയ്യുന്നതിനു തടസമില്ലെന്നും പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *