
അമ്പലപ്പുഴ: യുവനേതാവിലൂടെ അമ്പലപ്പുഴ നിയമസഭ മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ്. കെ.പി.സി.സി-ഒ.ബി.സി കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് സഹദേവനിലൂടെ മണ്ഡലം സ്വന്തമാക്കാനാണ് യു.ഡി.എഫ് നീക്കം നടത്തുന്നത്. രാജേഷ് സഹദേവനിലൂടെ മണ്ഡലത്തില്‍ ശക്തമായ ഈഴവ സമുദായത്തിന്റെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി ആ വോട്ടുകള്‍ യു.ഡി.എഫിന്റെ പെട്ടിയിലാക്കാമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. കെ.എസ്.യുവിലൂടെ സംഘടനാ രംഗത്തേക്ക് കടന്നു വന്ന രാജേഷ് സാമൂഹിക സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആലപ്പുഴയുടെ പൊതുമണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമാണ്.
2006 മുതല്‍ തുടര്‍ച്ചയായി ജി.സുധാകരന്‍ വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് അമ്പലപ്പുഴ. മണ്ഡലത്തിന്റെ ചരിത്രത്തില്‍ 1987-96, 2001-06 കാലഘട്ടങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. യഥാക്രമം വി.ദിനകരന്‍, ഡി.സുഗതന്‍ എന്നിവരാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്. 1982-87 കാലത്ത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച വി.ദിനകരന്‍ പിന്നീട് മത്സരിച്ച് ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. വി.എസ്.അച്യുതാനന്ദന്‍, പി.കെ.ചന്ദ്രാനന്ദന്‍, സി.കെ.ശശിധരന്‍, സുശീലാഗോപാലന്‍ തുടങ്ങിയവരെ വിജയിപ്പിച്ച ചരിത്രമുള്ള അമ്പലപ്പുഴ പൊതുവെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച സീറ്റായിട്ടാണ് പരിഗണിക്കപ്പെടുന്നത്.