

ചിറയിന്‍കീഴ്: ശാര്‍ക്കരയെ യാഗശാലയാക്കി ഭക്തിയുടെ നിറവില്‍ ആയിരങ്ങള്‍ ശാര്ക്കരേശ്വരിക്ക് പൊങ്കാലയര്‍പ്പിച്ചു. ഇന്ന് രാവിലെ 9.30ന് ക്ഷേത്ര മേല്‍ശാന്തി വെഞ്ഞാറമൂട് പാലൂര് മഠത്തില്‍ കെ.മാധവന് പോറ്റി പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നതോടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദേവീസ്തുതികളോടെ പൊങ്കാല അടുപ്പിലേക്ക് തീ പകര്‍ന്നു. കത്തുന്ന വെയിലിലും ഉയരുന്ന പൊങ്ങിയ പുകയ്ക്കും കീഴില്‍ ദേവീ കീര്‍ത്തനങ്ങള്‍ പകര്‍ന്ന കരുത്തില്‍ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിക്കുന്നത് ഭക്തിനിര്‍ഭരമായ കാഴ്ച തന്നെയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാളും അഭൂതപൂര്‍വ്വമായ ഭക്തജന പങ്കാളിത്തമാണ് ഇത്തവണ ശാര്‍ക്കര ദേശം കണ്ടത്. പൊങ്കാല അടുപ്പുകള്‍ ക്ഷേത്ര മതില്‍ക്കെട്ടും ശാര്‍ക്കര മൈതാനവും കടന്ന് ആല്‍ത്തറമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തേക്കും വലിയകട ഭാഗത്തേക്കും ശാര്‍ക്കര ബൈപാസ് മേഖലയിലേക്കും നീണ്ടു. 12 മണിക്ക് തിളച്ചുപൊങ്ങിയ പൊങ്കാല കലങ്ങളില്‍ നിവേദ്യം അര്‍പ്പിച്ചതോടെ ജ•-സാഫല്യം നേടിയതിന്റെ നിര്‍വൃതിയായിരുന്നു ഭക്തജനങ്ങളുടെ മുഖത്ത് കാണാനായത്.


വന്‍ പോലീസ് സന്നാഹവും അഗ്നിശമന സേനയും ശാര്‍ക്കരയില്‍ തമ്പടിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി വകുപ്പും സ്തുത്യര്‍ഹമായ പങ്കാളിത്തത്തോടെ സേവനരംഗത്ത് സജീവമായിരുന്നു. രാഷ്ട്രീയ സംഘടനകളുടെ യുവജന വിഭാഗങ്ങളും മറ്റ് സന്നദ്ധ സേവന സംഘടനകളും ഭക്തജനങ്ങള്‍ക്ക് ദാഹജല വിതരണത്തിനും ഭക്ഷണ വിതരണത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഭക്തജനങ്ങള്‍ക്ക് ആതുരസേവനത്തിനായി ആറോളം ആംബുലന്‍സുകളാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. ശുചിത്വ മിഷന്റെയും ഹരിത മിഷന്റെയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് മുക്തമായിട്ടായിരുന്നു പൊങ്കാല നടന്നത്.

