

ആറ്റിങ്ങല്‍: സഹകരണ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്. പോലീസ് സഹകരണ സംഘത്തിന്റെ ആറ്റിങ്ങല്‍ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കരിച്ച സഹകരണ നിയമത്തിലൂടെ ഈ മേഖലയില്‍ തിരുത്തല്‍ നടപടികള്‍ക്ക് ആക്കം കൂടുമെന്നും ഏകീകൃത സോഫ്റ്റ്വെയര്, ടീം ഓഡിറ്റിംഗ്, ടീം ഇന്സ്പെക്ഷന് എന്നിവയിലൂടെ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും വിശ്വാസ്യതയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സഹകരണ മേഖലക്കെതിരെയുള്ള വ്യാപകമായ പ്രചാരണങ്ങള്‍ക്കിടയിലും നിക്ഷേപസമാഹരണ യജ്ഞത്തിലൂടെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നിക്ഷേപങ്ങളാണ് സമാഹരിക്കാനായത്. ജനങ്ങള്‍ക്കിടയില്‍ സഹകരണ സ്ഥാപനങ്ങളോടുള്ള വിശ്വാസ്യതയില്‍ കുറവ് വന്നിട്ടില്ല എന്നതാണിത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംഘം പ്രസിഡന്റ് ജി.ആര്.അജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടൂര്‍ പ്രകാശ് എം.പി. ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എസ്.കുമാരി ആദ്യ വായ്പാ വിതരണവും പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇ.നിസാമുദ്ദീനും നിര്‍വഹിച്ചു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍.എ, അസി.രജിസ്റ്റാര്‍ ഷിബു.എസ് എന്നിവര്‍ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡന്റ് ആര്.ജി.ഹരിലാല്‍ സ്വാഗതവും ഭരണസമിതിയംഗം വിധു കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

