Breaking News

ഇത്തവണ താമര വിരിയിക്കാന്‍ സുന്ദര; തലവേദനയൊഴിഞ്ഞ് എന്‍.ഡി.എ

കെ.സുരേന്ദ്രന്‍

കാസര്‍കോട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി മത്സരിച്ച കെ.സുന്ദര ഇത്തവണ എന്‍.ഡി.യ്ക്കുവേണ്ടി വോട്ട് തേടും. ഇത്തവണയും മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പക്ഷേ, ഇന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കും. ഇത്തവണ ബി.ജെ.പിക്കു പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് 11 മണിമുതല്‍ 3 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അന്ന് സുന്ദര നേടിയ 467 വോട്ടുകളാണ് സുരേന്ദ്രന്റെ പരാജയത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തവണയും സുന്ദര പത്രിക സമര്‍പ്പിച്ചതോടെ ബി.ജെ.പി ക്യാമ്പ് ആശങ്കയിലായിരുന്നു. അതുകൊണ്ടുതന്നെ, സുന്ദരയുടെ പുതിയ നിലപാട് ബി.ജെ.പിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
അതേസമയം, തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ബി.എസ്.പി ആരോപിച്ചു. ശനിയാഴ്ച വൈകിട്ടു 4ന് ശേഷം കെ.സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സുന്ദരയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികള്‍ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.എസ്.പി ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രാത്രിയോടെ പിന്‍വലിച്ചു.
എന്നാല്‍, തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുന്ദര പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കള്‍ കണ്ടെന്നും അവര്‍ പറഞ്ഞതിനാല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു എന്നും സുന്ദര വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *