Breaking News

ഭിന്നിച്ചുനിന്നാല്‍ നേട്ടം എല്‍.ഡി.എഫ് കൊണ്ടുപോകും: ഗ്രൂപ്പ് പോരിനെതിരെ തിരുവഞ്ചൂര്‍

കോട്ടയം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഭിന്നിച്ചുനിന്നാല്‍ നേട്ടം എല്‍.ഡി.എഫ് കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ എല്ലാവരും ത്യാഗം സഹിക്കണമെന്നും ആവശ്യപ്പെട്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു സ്വന്തം പാര്‍ട്ടിക്കാരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ഒത്തൊരുമയോടെ, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്നാണ്. കോണ്‍ഗ്രസ് അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ചുപോകണം. പ്രതാപകാലമെന്ന് പറയുന്നത് ഒന്നിച്ചുനിന്നിരുന്ന കാലമാണ്. സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യം ഒരുമിച്ച് നിന്നുകൂടെ എന്നാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേരള ജനതയുടെ തലയില്‍ ചവിട്ടുന്ന അവസ്ഥയിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിശ്വരൂപം മാറിക്കഴിഞ്ഞു. അക്രമത്തിന്റെ പാതയിലേക്കാണ് അവരുടെ പോക്ക്. രക്ഷയ്ക്കായി ജനങ്ങള്‍ നോക്കുന്നത് നമ്മളെയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. രണ്ടാം പിണറായി സര്‍ക്കാരിലേക്കത് പടര്‍ന്നു. ഇനി മൂന്നാം പിണറായി സര്‍ക്കാരിലേക്ക് പോകാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങള്‍ ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നത്. അതിനായി ജനങ്ങള്‍ ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിനെയാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടാവണം. അതിനുവേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ത്യാഗം സഹിക്കാന്‍ തയാറാവണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെറിയ ഗ്രൂപ്പുകളായി ദുര്‍ബലമായി പോവും. അതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരളം ഒന്നാകെ കരഞ്ഞു. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് പറയുന്നത്-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *