

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ പരിഹരിക്കാന്‍ ശ്രമിതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ആകെ 55 ഒഴിവുകളിലേക്കായി 67 പേരുടെ പട്ടികയായിരുന്നു ആദ്യം തയാറാക്കിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കി. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നുവന്നതോടെ ആ പരാതികള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചത്-മന്ത്രി വ്യക്തമാക്കി.

യുജിസിയുടെ ചെയര്‍ ലിസ്റ്റ് വന്ന 2019 ന് മുമ്പുള്ള പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ പട്ടിക ചുരുക്കേണ്ടി വന്നത്. അതോടെ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ പരാതിയുമായി രംഗത്തുവന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ തനിക്കും പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് പരാതികള്‍ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു

നേരത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം എടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താന്‍ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സര്‍ക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.
