

ബംഗളൂരു: തടിയന്റവിട നസീറിനെ ബംഗളുരു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തീവ്രവാദത്തിലേക്ക് യുവാക്കളെ വഴിതിരിച്ചു എന്ന കുറ്റത്തിനാണ് തടിയന്റവിട നസീറിനെ ബംഗളുരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തീവ്രവാദ ബന്ധമുള്ള ഒരു സംഘം യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ബംഗളുരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിനാണ് ഇവര്‍ പിടിയിലായത്.

തങ്ങളെ ജയിലില്‍ വച്ച് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത് തടിയന്റവിട നസീര്‍ ആണെന്ന് ഇവര്‍ മൊഴി നല്‍കുകയായിരുന്നു. 2008 ലെ ബെംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്റവിട നസീര്‍. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് നസീര്‍ പ്രതികളെ പരിചയപ്പെടുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ബംഗളുരു സെന്‍ട്രല്‍ ജയിലിലുള്ള തടിയന്റവിട നസീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് ആഴ്ചകള്‍ക്ക് പോലീസ് പിടികൂടിയത്. കര്‍ണാടക സ്വദേശികളായ ഇവരെ ഹബ്ബാളിനടുത്തുള്ള സുല്‍ത്താന്‍പാളയയിലെ ഒരു വീട്ടില്‍ നിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ബംഗളുരു സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരന്‍ നസീറായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഈ അഞ്ച് പേര്‍ക്ക് പുറമേ വേറെ അഞ്ചു പേര്‍കൂടി ഭീകരസംഘത്തില്‍ ഉണ്ടെന്നും ഒളിവിലുള്ള അഞ്ച് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും ബംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി.ദയാനന്ദ് വ്യക്തമാക്കി. ഇവര്‍ക്ക് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സി.സി.ബി വ്യക്തമാക്കുന്നു. വന്‍ ആയുധ ശേഖരമാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. പ്രതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും, അതിനായാണ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.