

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഇനി റോബോട്ട് വൃത്തിയാക്കും. കനാല്‍ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനുമാണ് റോബട്ടിനെ വാങ്ങുന്നത്. രാജ്യത്ത് ആദ്യമായാണ് വിമാനത്താവളം ശുചീകരിക്കാന്‍ റോബോട്ടിനെ ഉപയോഗിക്കുന്നത്. റോബോട്ടിന്റെ നിര്‍മ്മാണ ചുമതല ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജന്റോബോട്ടിക്‌സിനാണ്. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും ജന്റോബട്ടിക്‌സും തമ്മില്‍ ധാരണയായി. ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിലിനായി റോബട്ടിനെ ഇറക്കിയ കമ്പനിയാണ് ജന്റോബോട്ടിക്‌സ്.


പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചതായി ജന്റോബട്ടിക്‌സ് സിഇഒ വിമല്‍ ഗോവിന്ദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. രണ്ട് മാസത്തിനകം റോബോട്ടിനെ കൈമാറാനാണ് ധാരണ. വെല്‍ബോര്‍ എന്ന റോബട്ടിനെയാണ് ജന്റോബട്ടിക്‌സ് വിമാനത്താവളത്തിനു വേണ്ടി നിര്‍മിക്കുന്നത്. ആമയിഴഞ്ചാന്‍ തോട്ടില്‍ ബാന്‍ഡികൂട്ട്, ഡ്രാക്കോ എന്നീ റോബട്ടുകളെ ഇറക്കി മാലിന്യം നീക്കം ചെയ്യാനും ജോയിയെ കണ്ടെത്താനും ജന്റോബട്ടിക്‌സ് നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ശുചീകരിക്കുന്നതിനായി റോബോട്ടിനെ വാങ്ങാനുള്ള തീരുമാനത്തിലെത്തിയത്.


ഈ വിവരം പുറത്തുവന്നതോടെ ജന്റോബട്ടിക്‌സ് അധികൃതരുമായി വ്യവസായ മന്ത്രി പി.രാജീവ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സര്‍ക്കാരും നഗരസഭയും സന്നദ്ധരാണെങ്കില്‍ മാലിന്യം നീക്കം ചെയ്യുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും റോബട്ടുകളെ നിര്‍മിച്ച് നല്‍കാന്‍ തയാറാണെന്ന് ജന്റോബട്ടിക്‌സ് സി.ഇ.ഒയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോബട്ടുകളെ പ്രയോജനപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി കെ.രാജനും വ്യക്തമാക്കി.

