Breaking News

അവധി പ്രഖ്യാപിച്ചില്ല; കനത്ത മഴയത്ത് കളക്ടര്‍ക്ക് നേരെ ട്രോള്‍ മഴ

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ ട്രോള്‍ മഴ. ഇടതടവില്ലാതെ മഴ പെയ്യുമ്പോഴും സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാത്തതാണ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷിന്റെ ഫെയ്‌സ്ബുക്ക് പേജ് ട്രോളുകള്‍ കൊണ്ട് നിറഞ്ഞത്. എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്നലെ രാത്രിയും ഇന്ന് പകലും മഴ നിലയ്ക്കാതെ പെയ്യുകയാണ്. സിനിമാ ഡയലോഗുകല്‍ ഉള്‍പ്പെടെയുള്ള രസകരമായ ട്രോളുകളാണ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞത്.

‘വിശാലമനസ്‌കനായ നമ്മുടെ കലക്ടര്‍ സാര്‍ നാളെ അവധി തരും’, ‘ഞായറാഴ്ചയും സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസ് ഉണ്ടാവാന്‍ ആഗ്രഹിച്ച 90’ലെ ഒരു പഠിപ്പിസ്റ്റ് ആയിരുന്നു നമ്മുടെ എറണാകുളം കലക്ടര്‍’, ‘തെക്ക് കോട്ടയത്തിന് അവധി, വടക്ക് തൃശൂര്‍ക്ക് അവധി, പടിഞ്ഞാറ് ആലപ്പുഴയ്ക്ക് അവധി, കിഴക്ക് ഇടുക്കിക്ക് അവധി, എന്നിട്ടും ഇടയ്ക്കു കിടക്കുന്ന എറണാകുളത്തിനു മാത്രം അവധിയില്ല അല്ലേ സാറേ’ എന്നിങ്ങനെയാണ് ട്രോളുകള്‍. ഉറക്കത്തില്‍നിന്നുണര്‍ന്ന് പുതപ്പു നോക്കി ജനലിലൂടെ പുറത്തേക്കു നോക്കി അവധി പ്രഖ്യാപിക്കുന്ന കോട്ടയം ജില്ലാ കലക്ടറുടെ ട്രോള്‍ വിഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്.

‘എറണാകുളം ജില്ലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മഴയും മക്കളുടെ സുരക്ഷയും കണക്കിലെടുത്ത് ബഹുമാനപ്പെട്ട കലക്ടര്‍ സാറിന്റെ അവധിക്ക് കാത്തു നില്‍ക്കാതെ എന്റെ രണ്ടു മക്കള്‍ക്കും ഞാന്‍ അവധി നല്‍കിയിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചവരും സമൂഹമാധ്യമത്തിലുണ്ട്. ‘ഉള്ളതാ കേട്ടോ, കൊച്ചുങ്ങള്‍ക്ക് അവധി കൊടുക്കണം’, ‘ശരിക്കും നല്ല മഴയാണ്, താങ്കള്‍ ഇതൊന്നും കാണുന്നില്ലേ’, ‘അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ രാവിലെ 6 മണിക്കു മുമ്പ് പ്രഖ്യാപിക്കണം കേട്ടോ’ തുടങ്ങി ആശങ്കയുമായി മാതാപിതാക്കള്‍ നിറയുകയാണ് സമൂഹമാധ്യമത്തില്‍. മഴ കാരണം തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച മുഹറം അവധിയും ലഭിച്ചതോടെ മഴയുടെ പേരില്‍ ബുധനാഴ്ചയും സ്‌കൂളില്‍ പോകേണ്ടിവരില്ലെന്ന പ്രതീക്ഷ കളര്‍ക്ടര്‍ തകര്‍ത്തുവെന്ന പരിഭവവും സോഷ്യല്‍ മീഡിയയിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *