Breaking News

ജൈവവൈവിധ്യ സൗഹൃദ ജില്ലയായി തിരുവനന്തപുരം ലക്ഷ്യം അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: 2030ഓടെ ഇന്ത്യയിലെ ആദ്യ ജൈവവൈവിധ്യ സൗഹൃദ ജില്ലയായി തിരുവനന്തപുരം ജില്ലയെ മാറ്റിയെടുക്കുന്നതിനുള്ള ദീർഘവീക്ഷണവുമായി അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആഗോള പ്രാധാന്യം പ്രാദേശികതല പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രധാന സന്ദേശം.

അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ സ്വപ്ന അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി വി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ അക്ഷയ അനിൽ സ്വാഗതം ആശംസിച്ചു. ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ അനിൽകുമാർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് “ജൈവവൈവിധ്യ സൗഹൃദം അനന്തപുരി” എന്ന വിഷയത്തെ ആസ്പദമാക്കി പെരിങ്ങമ്മല, വിതുര, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകൾ അവരുടെ പ്രദേശങ്ങളിലെ ജൈവവൈവിധ്യ വെല്ലുവിളികളും സംരക്ഷണ പ്രവർത്തനങ്ങളും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാവി പ്രവർത്തനരേഖയും രൂപീകരണ നടപടികളും വിശദമായി അവലോകനം ചെയ്തു. മെയ് 22ന് നടക്കുന്ന സംസ്ഥാനതല ജൈവവൈവിധ്യ ദിനാചരണത്തിനായുള്ള പദ്ധതിനിർദേശങ്ങളും യോഗത്തിൽ രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *