Breaking News

സംഗീതലോകത്തെ അത്ഭുതനക്ഷത്രം: ശ്രേയ.എസ്.അജിത്ത്

ശ്രേയ അജിത്ത്‌

സംഗീതലോകത്തെ അത്ഭുതനക്ഷത്രം: ശ്രേയ.എസ്.അജിത്ത്
വല്ലപ്പോഴുമൊരിക്കലാണ് ലോകത്ത് അത്ഭുതങ്ങള്‍ വിരിയുന്നത്. കാലമെത്ര ചെന്നാലും മായ്ക്കാന്‍ കഴിയാത്ത അത്തരം വസ്തുതകള്‍, അതിശയരൂപത്തില്‍ ഇടയ്ക്കിടെ വന്നുകൊണ്ടേയിരിക്കും. സംഗീത ലോകത്ത് അത്ഭുതമായി വിരിഞ്ഞൊരു കുഞ്ഞുപൂവാണ് ശ്രേയ.എസ്.അജിത്. മൂന്നരവയസ്സുള്ളപ്പോള്‍ ഒരു പാട്ടിന് സംഗീതം നല്‍കി ലോകശ്രദ്ധ നേടിയെടുത്ത കൊച്ചുമിടുക്കി. സംഗീത ലോകത്തെ പുതിയ വാഗ്ദാനം. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയാണ് ശ്രേയയിപ്പോള്‍.
കളമശ്ശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍സ്‌ക്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ശ്രേയയുടെ സംഗീതത്തില്‍ പിറന്ന അനേകം പാട്ടുകള്‍ ഇതിനകം ആല്‍ബങ്ങളായി പുറത്തിറങ്ങിക്കഴിഞ്ഞു. സംഗീത സംവിധായകനായ അജിത് സുകുമാരന്റെയും ശ്രുതിയുടെയും മകളായ ശ്രേയയ്ക്ക് സംഗീതം അച്ഛനില്‍ നിന്നുതന്നെയാണ് പകര്‍ന്നു ലഭിച്ചതെങ്കിലും, മൂന്നര വയസ്സുള്ളപ്പോള്‍ ഈണമിട്ടൊരുക്കിയ ‘കിങ്ങിണിത്താറാവ്’ എന്ന പാട്ട് ക്ലാസ്സിലെ കൂട്ടുകാരാണ് പുറംലോകത്തെത്തിച്ചത്. രാജഗിരി കിഡ്‌സ് ഫെസ്റ്റിവലില്‍ കുട്ടികളുടെ ഗാനമായി കിങ്ങിണിത്താറാവ് അവതരിപ്പിച്ചതോടെയാണ് ശ്രേയയെന്ന കൊച്ചുമിടുക്കിയുടെ കഴിവ് ലോകശ്രദ്ധ നേടിയെടുത്തത്.
നാലര വയസ്സില്‍ ഒരു തമിഴ് ഗാനം ഈണമിട്ടൊരുക്കി അച്ഛന്റെ മൊബൈലില്‍ റെക്കോഡു ചെയ്തു വീണ്ടും ശ്രേയ, സംഗീതലോകത്തെ ഞെട്ടിപ്പിച്ചു. ആ ഗാനം പിന്നീട് ഏഷ്യാനെറ്റിലെ ‘സകലകലാ വല്ലഭന്‍’ എന്ന റിയാലിറ്റിഷോയില്‍ ശ്രേയ അവതരിപ്പിച്ചത്, ജഡ്ജായിരുന്ന സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ പ്രത്യേക പ്രശംസ നേടിയെടുത്തു. ശ്രേയ പദ്യപാരായണം, ലളിതഗാനം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയില്‍ അനേകം സമ്മാനങ്ങളും നേടിയിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകരായ ജാസി ഗിഫ്റ്റ്, അല്‍ഫോന്‍സ് ജോസഫ്, മെജോ ജോസഫ്, ഗോപിസുന്ദര്‍, രാഹുല്‍രാജ്, അനില്‍ ജോണ്‍സന്‍, അഫ്സല്‍ യൂസഫ്, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നു രൂപീകരിച്ച ബാന്റിനോടൊപ്പം 2015ല്‍ ഷാര്‍ജയില്‍ പാടാനവസരം കിട്ടിയ ശ്രേയയ്ക്ക് തുടര്‍ന്ന് ഫെഫ്കയുടെ ‘ഗുരുപൗര്‍ണ്ണമി’ സംഗീത പ്രോഗ്രാമില്‍ മധുബാലകൃഷ്ണനോടൊപ്പവും, മറ്റനേകം സദസ്സുകളിലും പാടുവാന്‍ ഭാഗ്യം ലഭിച്ചു.
ദൃശ്യം ഫെയിം സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സന്റെ സംഗീതത്തില്‍ ‘ഓലപ്പീപ്പി’ എന്ന കുട്ടികളുടെ ചിത്രത്തിലൂടെ ശ്രേയ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് പോപ്പിക്കുട ഉള്‍പ്പെടെയുള്ള പരസ്യചിത്രങ്ങളിലും ശ്രേയ പാടിയ പാട്ടുകള്‍ ഹിറ്റുകളായി. 2016ല്‍ അറ്റ്ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ പാടാന്‍ അവസരം കിട്ടിയ ശ്രേയയ്ക്ക് 2017ല്‍ ‘ബെസ്റ്റ് ചൈല്‍ഡ് മ്യുസീഷ്യന്‍ അവാര്‍ഡ്’ ലഭിയ്ക്കുകയുണ്ടായി. തൃക്കാക്കാര, പെരിങ്ങഴ, കളമശ്ശേരി തുടങ്ങിയ ക്ഷേത്രങ്ങള്‍ക്കു വേണ്ടിയൊരുക്കിയ ആല്‍ബങ്ങളില്‍ പതിനെട്ടോളം ഗാനങ്ങള്‍ക്കാണ് ശ്രേയ ഇതിനകം സംഗീതം നല്‍കിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, സിതാര, ശോഭാ ശിവാനി തുടങ്ങിയവര്‍ പാടിയിരിക്കുന്ന ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കല്‍, ശശികലാ മേനോന്‍ തുടങ്ങിയവരാണ്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘എന്റെ മാതാവ്’ എന്ന സീരിയലിലെ ‘മലരേ……’യെന്ന സിറ്റുവേഷന്‍ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ശ്രേയയാണ്. ശ്രേയയും ഗായിക ശോഭ ശിവാനിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം എല്ലാവര്‍ക്കും പ്രിയങ്കരമാണ്.
സംഗീത സംവിധാന രംഗത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്ന ശ്രേയ മലയാള സിനിമയിലും സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദിലീപ് തോമസ് സംവിധാനം ചെയ്യുന്ന ‘കല്ലുവാഴയും ഞാവല്‍പ്പഴവും’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ഈ 12 വയസ്സുകാരി സംഗീതം നല്‍കിയിരിക്കുന്നത്. എറണാകുളം കളമശ്ശേരിയിലെ വീട്ടിലാകെ സംഗീതത്തിന്റെ ധ്വനികളുയരുകയാണ്. സംഗീത സംവിധായകരായ അച്ഛനും മകളും ഒത്തുചേരുമ്പോള്‍ വീടൊരു സ്വര്‍ഗ്ഗമാകുന്നു. ശ്രേയയുടെ അച്ഛന്‍ അജിത്ത് സുകുമാര്‍ ഇതിനോടകം എട്ട് സിനിമകള്‍ക്ക് സംഗീതം നല്‍കിക്കഴിഞ്ഞു. ലോക സിനിമാ സംഗീതത്തിന്റെ തന്നെ ചരിത്രത്തിലെ ഒരു ഭാഗമാകാന്‍ ഒരു കുരുന്നിന് കഴിയുകയെന്നത്, ചെറിയ കാര്യമല്ലല്ലോ. കേരളത്തിനുമത്, അഭിമാനമുണ്ടാക്കുന്നു. ഇന്ത്യന്‍ സംഗീത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന റെക്കോര്‍ഡ് നിലവില്‍ പതിനാറ് വയസ്സില്‍ സംഗീത സംവിധായകനായ ബംഗളുരു സ്വദേശിയായ ആല്‍വിന്‍ ബ്രൂണോയ്ക്കാണ്. ഇവിടെയാണ് സംഗീത സംവിധാന മേഖലയില്‍ പന്ത്രണ്ട് വയസ്സുകാരി ശ്രേയ, ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തെ സുവര്‍ണ്ണ താരമാകുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *