Breaking News

റിട്ട. എസ്ഐയുടെ വീട്ടില്‍നിന്ന് തന്ത്രപൂര്‍വ്വം സ്വര്‍ണ്ണമാല പിടിച്ചുപറിച്ച യുവതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റിട്ട. എസ്ഐയുടെ വീട്ടില്‍നിന്ന് സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യാണ് അറസ്റ്റിലായത്. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് പ്രതി കവര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തന്ത്രപൂര്‍വ്വമായിരുന്നു പ്രതിയുടെ നീക്കങ്ങള്‍. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയാണ് ജയലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടില്‍ എത്തിയത്.

തുടര്‍ന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ ജയലക്ഷ്മിയും അകത്തുകയറി. വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയ യുവതി സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെയാണ് രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ വൃദ്ധ ദമ്പതികള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വ്യാപകമായ അന്വേഷണം നടത്തി. ഇതേതുടര്‍ന്നാണ് വൈകുന്നേരത്തോടെ തന്നെ പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുനിന്ന് പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല. നേമം സി.ഐ പ്രജീഷ്, എസ്.ഐമാരായ ഷിജു, രജീഷ്, സി.പി.ഒമാരായ രതീഷ്ചന്ദ്രന്‍, സജു, കൃഷ്ണകുമാര്‍, ബിനീഷ്, സുനില്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *