Breaking News

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊല്ലപ്പെട്ട റിയാസ് മൗലവി

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ വിചാരണ കോടതി പ്രതികളെ വെറുതേ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതായി സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. പ്രതികള്‍ ഏഴ് വര്‍ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടന്നത് ഇതിന് തെളിവായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അപ്പീലില്‍ കുറ്റപ്പെടുത്തുന്നു. അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

കേസിലെ മൂന്ന് പ്രതികള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും വിചാരണ കോടതിയുടെ പരിധിവിട്ട് പോകരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്ന പ്രതികളെ വെറുതെ വിട്ട കോടതി വിധി കോണ്‍ഗ്രസും യു.ഡി.എഫും രാഷ്ട്രീയ ആയുധമാക്കിയതോടെ സംഭവം വിവാദമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചത്. തുടര്‍ന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *