

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി കൈപ്പറ്റ് മുക്ക് ഒലിപ്പുറത്ത് വീട്ടില്‍ വീരപ്പന്‍ എന്ന് വിളിക്കുന്ന ചന്ദ്രനെ(54)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് ചന്ദ്രന്റെ മരണ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. രാത്രി ഏഴ് മണിയോടെ ചന്ദ്രന്‍ നക്രാംകോണം ക്ഷേത്രത്തിന് സമീപം മരിച്ചു കിടക്കുന്നതായി നാട്ടുകാരാനായ ഒരാള്‍ ഫോണ്‍ ചെയ്ത് പറയുകയായിരുന്നുവെന്ന് ചന്ദ്രന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. അപ്പോഴേക്കും നാട്ടുകാര്‍ ചന്ദ്രന്റെ മൃതദേഹം വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.


ചൊവ്വാഴ്ച രാത്രി എട്ടര മണിവരെ ചന്ദ്രനെ ഉത്സവം നടക്കുന്ന നക്രാംകോണം ക്ഷേത്ര പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞുവെന്ന് ചന്ദ്രന്റെ സഹോദരി പറയുന്നു. എല്ലാ ദിവസവും വീട്ടില്‍ എത്തുന്ന പതിവ് ചന്ദ്രന് ഇല്ലായിരുന്നുവെന്നും അതിനാല്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും ചന്ദ്രനെ കാണാത്തതില്‍ സംശയം തോന്നിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിലെ കാണിക്ക ചന്ദ്രന്‍ എടുത്തുവെന്നും അതുമായി ബന്ധപ്പെട്ട് വഴക്കുനടന്നതായി നാട്ടുകാര്‍ പറഞ്ഞായും ചന്ദ്രന്റെ സഹോദരി പറഞ്ഞു.


വികലാംഗനായ ചന്ദ്രന്‍ ആക്രി പെറുക്കിയാണ് ജീവിച്ചിരുന്നത്. തിരുവനന്തപരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു. ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്നും അതുകൂടി പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.



