


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി കേരള ജനത. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍ ജനക്കൂട്ടമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് യാത്രാമൊഴി ചൊല്ലാന്‍ കാത്തുനില്‍ക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും പുതുപ്പള്ളിയിലേക്ക് തിരിച്ചു. എം.സി റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നു.

വിവിധയിടങ്ങളില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും മറ്റ് സംഘടനകളും ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങുന്നത്. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിലാപയാത്രാവാഹനം അല്‍പനേരം നിര്‍ത്തും. വൈകിട്ട് 6ന് കോട്ടയം ഡി.സി.സി ഓഫീസിന് മുന്നില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. 6.30ന് വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് തിരിക്കും. രാത്രി 10 മണിവരെ അവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും.

തുടര്‍ന്ന് മൃതദേഹം കഞ്ഞിക്കുഴി, മാങ്ങാനം മന്ദിരം കവലവഴി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. ആദ്യം കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിലേക്കാണ് മൃതദേഹം കൊണ്ടുപോവുക. ശേഷം പുതുതായി പണിയുന്ന വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലാപയാത്രയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലയിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.