

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനെതിരെ പുതിയ പോര്‍മുഖം തുറക്കാന്‍ തയാറെടുത്ത് ബി.ജെ.പി. പ്രതിപക്ഷ സഖ്യത്തിന്റെ പേര് തന്നെ അവര്‍ക്കെതിരായ ആയുധമാക്കി മാറ്റാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വിറ്റര്‍ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ചേര്‍ത്തത് ഇതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച ‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷ കക്ഷികള്‍ അംഗീകരിക്കുകയായിരുന്നു.
തൊട്ടുപിന്നാലെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്റെ ട്വിറ്റര്‍ ബയോയില്‍ ചെറിയൊരു മാറ്റം വരുത്തിയത്. പഴയ ബയോയില്‍ ഹിമന്ത ബിശ്വ ശര്‍മ, അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. ഇത് തിരുത്തി അസം മുഖ്യമന്ത്രി, ഭാരത് എന്നാക്കി മാറ്റി. ‘നമ്മുടെ സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ എന്നും ഇന്ത്യയേയും ഭാരതത്തെയും സംബന്ധിച്ചായിരുന്നു. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കി മാറ്റി. കൊളോണിയല്‍ ആധിപത്യത്തിന്റെ അവശേഷിപ്പിക്കുകളില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. നമ്മുടെ പൂര്‍വികര്‍ ഭാരതത്തിനായാണ് പോരാടിയത്. ഭാരതത്തിനായി പ്രവര്‍ത്തിക്കുന്നത് ഞങ്ങളും തുടരും. ബി.ജെ.പി. ഭാരതത്തിനൊപ്പമാണ്.’ ഇങ്ങനെയാണ് ഹിമന്ത ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍, ഇതൊരു ചെറിയ തിരുത്ത് അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ട്രത്തിന്റെ പേര് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ സഖ്യത്തിനെതിരെ രംഗത്തുവരാനുള്ള നീക്കത്തിന്റെ തുടക്കം മാത്രമാണിതെന്നാണ് കരുതേണ്ടത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെത്തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്ക് പ്രതിപക്ഷ കക്ഷികള്‍ നീങ്ങും, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് പങ്കെടുത്തത്.
