Breaking News

വിലാപയാത്ര കോട്ടയത്ത് എത്തി; ജനനായകനെ കാത്ത് ജനലക്ഷങ്ങള്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തില്‍ എത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ അന്ത്യയാത്രയില്‍ സ്‌നേഹാദരങ്ങളര്‍പ്പിക്കാന്‍ ജനലക്ഷങ്ങളാണ് കാത്തുനില്‍ക്കുന്നത്. ജനയാകനെ അവസാനമായി കാണാന്‍ എം.സി റോഡിന്റെ ഇരുവശങ്ങളിലും ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ 7 മണിക്ക് പുറപ്പെട്ട വിലാപയാത്ര ഏറെ വൈകി ഇന്ന് രാവിലെ 10 മണിയോടെയാണ് കോട്ടയം നഗരത്തില്‍ എത്തിയത്. കോട്ടയം തിരുനക്കര മൈതാനത്ത് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം കാത്തുനില്‍ക്കുകയാണ്. സിനിമാതാരങ്ങളായ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, നടനും എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവും അക്കൂട്ടത്തിലുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹം ആദ്യം വള്ളക്കാല്‍ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ പൊതുദര്‍ശനം കഴിഞ്ഞ ശേഷം പുതിയ വീട്ടിലേക്ക് കൊണ്ടുപോകും അവിടെയും പൊതുദര്‍ശനം ഉണ്ടായിരിക്കും. തിരുനക്കരയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വരിവരിയായി ആളുകളെ കടത്തിവിട്ട് ആദരമര്‍പ്പിച്ച് മടങ്ങത്തക്കവിധമുള്ള ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആളുകളെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

ഉമ്മന്‍ചാണ്ടിയെന്ന പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ ജനബാഹുല്യം. നീണ്ട 27 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുവനന്തപുരത്തുനിന്നും കോട്ടയം നഗരത്തിലേക്ക് എത്തിയത്. സ്‌നേഹാദരങ്ങളര്‍പ്പിക്കാന്‍ എം.സി റോഡില്‍ തടിച്ചുകൂടിയവരില്‍ ഓരോരുത്തര്‍ക്കും ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തെടുക്കാന്‍ ഓരോ സംഭവങ്ങളെങ്കിലും ഉണ്ടായിരുന്നു എന്നത് അവരുടെ പ്രതികരണങ്ങളില്‍നിന്നും വ്യക്തമായിരുന്നു.

കാരുണ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും ആള്‍രൂപമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവര്‍ത്തകനുമായ കെ.സി.ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി ഒരു വ്യക്തി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു പാഠപുസ്തകമാണെന്നായിരുന്നു അടൂര്‍ പ്രകാശ് എം.പി പ്രതികരിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെ കോട്ടയത്തേക്ക് തിരിക്കുമെന്നാണ് വിവരം.

പുതുപ്പള്ളി പള്ളിയില്‍ ഉച്ചയ്ക്ക് ശേഷം പൊതുദര്‍ശനം ഉണ്ടായിരിക്കും. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം കുടുംബത്തിന്റെ അഭ്യര്‍ത്ഥ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കുന്ന ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കുന്ന ചടങ്ങ് ഒഴിവാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *