

കല്ലമ്പലം: 19 വര്‍ഷം മുമ്പ് നാടുവിട്ട കല്ലമ്പലം സ്വദേശി ഒടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. കല്ലമ്പലം നെടുംപറമ്പ് സ്വദേശി അജയ് ഭാസിയാണ് (37) രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ മാസം 16ന് തിരികെ വീട്ടിലെത്തിയത്. ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയായ അഡ്വ.ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അജയ്ക്ക് തിരികെ നാട്ടിലെത്താന്‍ സഹായകമായത്. 19 വര്‍ഷം മുമ്പ് നാടുവിട്ട് ലണ്ടനിലെത്തിയ അജയ് അടുത്തകാലത്ത് വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് യു.കെ പോലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ കഴിയേണ്ടിയും വന്നു.

ഇന്ത്യാക്കാരനാണെന്ന് മനസിലായതോടെ യു.കെ ഭരണകൂടം അജയ് എന്ന യുവാവിനെ എമര്‍ജന്‍സി പാസ്പോര്ട്ടില് ഡല്‍ഹിയിലേക്ക് കയറ്റി അയച്ചു. ജൂലൈ 6 നാണ് അജയ് ഡല്‍ഹിയില്‍ എത്തിയത്. അപ്പോള്‍ അയാളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് പാസ്പോര്‍ട്ടും രണ്ട് ജോഡി മുഷിഞ്ഞ വസ്ത്രവും രണ്ട് ഡോളറും ആയിരുന്നു. അടുത്ത് കണ്ട ഭക്ഷണശാലയില്‍നിന്നും ഭക്ഷണം കഴിച്ച ശേഷം ഇന്ത്യന്‍ രൂപ കയ്യില്‍ ഇല്ലാത്തതിന്റെ പേരില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇക്കാര്യം അപ്പോള്‍ അവിടെ ഉണ്ടായിരുന്ന മലയാളിയും സാമൂഹിക പ്രവര്‍ത്തകയും സുപ്രീംകോടതി അഭിഭാഷകയുമായ ദീപ ജോസഫിന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍തന്നെ അജയ് കൊടുക്കാനുള്ള പണം ഭക്ഷണശാലയില്‍ നല്കി പ്രശ്നം പരിഹരിച്ചു.

തുടര്‍ന്ന് അജയ്യോട് വിവരങ്ങള്‍ ചോദിച്ച മനസിലാക്കിയ ദീപ ജോസഫ് ജൂലൈ 10ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. അതോടെ വിവരമറിഞ്ഞ നാട്ടുകാര്‍ അജയ്യെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നാട്ടില്‍നിന്ന് കല്ലുവിള രാജീവ്, ഹേലി എന്നിവര്‍ ഡല്‍ഹിയിലെത്തി. എന്നാല്‍ അജയ്യെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് രാജീവും ഹേലിയും അഡ്വ.ദീപ ജോസഫുമൊത്ത് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട് അജയ്യെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടത്തിയ ശേഷം തിരിച്ച് നാട്ടിലെത്തി. തൊട്ടുപിന്നാലെ അജയ്യെ കണ്ടെത്തിയെന്ന കാര്യം ഡല്‍ഹി പോലീസ് ഇവരെ വിളിച്ച് അറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ രാജീവും ഹേലിയും അജയ്യുടെ അമ്മയെയും കൂട്ടി ഡല്‍ഹിയില്‍ എത്തുകയും അഡ്വ.ദീപ ജോസഫിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അജയ്യെയും കൂട്ടി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ എം.എല്‍.എ അംബിക, സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ മടവൂര്‍ അനില്‍, എ.എ.റഹിം എം.പി, ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ഷാജി, നഗരൂര്‍ എസ്.ഐ, പൊതുപ്രവര്‍ത്തകനായ അഭിലാഷ് ഭാസ്കര്‍ എന്നിവരുടെ സമയോചിതവും ഫലപ്രദവുമായ ഇടപെടലുകള്‍ അജയ്യെ നാട്ടിലെത്തിക്കാന്‍ വളരെയേറെ സഹായിച്ചവെന്ന് അജയ്യുടെ നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ കല്ലുവിള രാജീവ് ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. വര്‍ഷങ്ങളോളം വീട്ടുകാരുമായി വല്ലപ്പോഴും കൂടിയാണ് അജയ്ക്ക് ബന്ധപ്പെടാന്‍ സാധിച്ചിരുന്നത്. എന്തായാലും 19 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകന് തിരികെ വീട്ടിലെത്തിയതിന്റെ അതിയായ സന്തോഷത്തിലാണ് മാതാവ് ശോഭയും മറ്റ് ബന്ധുക്കളും നാട്ടുകാരും ഒക്കെ. ഏറെ നാള് മുമ്പ് തന്നെ അജയ്യുടെ പിതാവ് മരണപ്പെട്ടിരുന്നു. ഒരു സഹോദരനും സഹോദരിയുമുണ്ട്.