

ഡല്‍ഹി: ഒടുവില്‍ മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനകരമാണെന്നാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത് രാജ്യത്തിനും പുരോഗമന സമൂഹത്തിനും ലജ്ജാകരമായ സംഭവമാണെന്ന് പറഞ്ഞ മോദി കുറ്റക്കാരില്‍ ഒരാള്‍ പോലും രക്ഷപെടില്ലെന്ന ഉറപ്പും രാജ്യത്തിന് നല്‍കി. മണിപ്പൂര്‍ വിഷയത്തില്‍ തന്റെ മനസ് നിറയെ വേദനയും ദേഷ്യവുമാണെന്നും മോദി പ്രതികരിച്ചു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അതോടെയാണ് മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിച്ചത്.

‘ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പുരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ദേഷ്യത്തിലും വേദനയിലും എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. അത് രാജസ്ഥാനിലോ മണിപ്പൂരിലെ ഛത്തീസ്ഗഢിലോ രാജ്യത്തിന്റെ ഏതെങ്കിലും കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരുക’ പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥതയിലൂടെ ശാശ്വത പരിഹാരം കാണാനുള്ള ബില്‍ ഇത്തവണ നിലവില്‍ വരുമെന്നും മോദി ഉറപ്പുനല്‍കി. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരില്‍ രണ്ടര മാസം പിന്നിട്ട കലാപം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് ആള്‍ക്കാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് കലാപങ്ങളില്‍ പരിക്കേറ്റു. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇടപെടലുകളാണ് മണിപ്പൂരില്‍ കലാപം രൂക്ഷമാകാന്‍ കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. ആരോപണം ശക്തമായതോടെ ബിരേന്‍ സിങ് രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ജനങ്ങളുടെ അഭ്യര്‍ത്ഥ മാനിച്ച് ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.