

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ന്യൂനപക്ഷ കമ്മീഷന്‍ പ്രത്യേക സിറ്റിംഗ് നടത്തി. ജില്ലയിലെ തീരദേശ മേഖലയായ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് പ്രത്യേക സിറ്റിംഗ് നടത്തിയത്. മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍, തീരദേശ പോലീസ് മേധാവി എന്നിവര്‍ക്കുവേണ്ടി മത്സ്യബന്ധന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അഞ്ചുതെങ്ങ് കോസ്റ്റല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഹാജരായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മീഷന്‍ പരിശോധിച്ചു. റിപ്പോര്‍ട്ടുകള്‍ ഭാഗികവും അവ്യക്തവുമായതിനാല്‍ മേയ് 28ന് ചേരുന്ന അടുത്ത സിറ്റിംഗില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദ്ദേശം നല്‍കി.





മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അഴിമുഖത്ത് മത്സ്യബ ന്ധനത്തിലേര്‍പ്പെടുന്നവര്‍ അപകടത്തില്‍പ്പെടുന്നതിനാല്‍ ഇതുസംബന്ധിച്ച വിശദ പഠനം നടത്തി ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൂനെ ആസ്ഥാനമായുള്ള സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഏജന്‍സി സമര്‍പ്പിച്ച അന്തിമ പഠനറിപ്പോര്‍ട്ട് പ്രകാരം പുലിമുട്ടിന്റെ നീളം കൂട്ടല്‍ ഉള്‍പ്പെടെ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി 164 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ട് പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും നാളിതുവരെ അംഗീകാരം ലഭ്യമായിട്ടില്ല. മേയ് 28 ന് ചേരുന്ന സിറ്റിംഗില്‍ വിശദവും പൂര്‍ണ്ണവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ റഷീദ്നിര്‍ദ്ദേശംനല്‍കി.




