Breaking News

നേവല്‍ എന്‍.സി.സി കേഡറ്റുകളുടെ കായല്‍ തുഴച്ചില്‍ പര്യവേഷണം ആരംഭിച്ചു

തിരുവനന്തപുരം: നേവല്‍ എന്‍.സി.സി കേഡറ്റുകളുടെ കായല്‍ തുഴച്ചില്‍ പര്യവേഷണം ആരംഭിച്ചു. എന്‍.സി.സി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേവല്‍ വിംഗ് എന്‍.സി.സി കേഡറ്റുകളാണ് തുഴച്ചില്‍ പര്യവേഷണത്തില്‍ പങ്കെടുക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തുഴച്ചില്‍ പര്യവേഷണം ഇന്നലെ കൊല്ലം തേവള്ളിയിലെ എന്‍സിസി ബോട്ട് ജെട്ടിയില്‍ എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.സുരേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും എല്ലാ ഭാഗങ്ങളിലും യൂണിഫോമില്‍ സഞ്ചരിക്കുന്ന കേഡറ്റുകള്‍ക്ക് ഈ പര്യവേഷണം വേറിട്ട അനുഭവമായിരിക്കുമെന്ന് കൊല്ലം എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി സുരേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഒരു പൊതു ലക്ഷ്യത്തിലെത്താന്‍ ഒത്തൊരുമയോടെ എങ്ങനെ പ്രവര്‍ത്തിക്കാമെന്നും അവരുടെ ശാരീരിക ക്ഷമതയും, ഏകോപിപ്പിക്കാനുള്ള കഴിവും ഈ യാത്രയിലൂടെ പരിശോധിക്കുവാനും സാധിക്കും. നേതൃപാടവത്തിന്റെയും സാഹസികതയുടെയും കരുത്ത് ഉള്‍കൊള്ളുവാനും, വലിയ പര്യവേഷണങ്ങളില്‍ ഏര്‍പ്പെടാനും, വെല്ലുവിളികള്‍ ഏറ്റെടുക്കാനും കേഡറ്റുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും, മാനസിക ശക്തിയും നേടാനും സാധിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപ് ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത കേഡറ്റുകള്‍ പര്യവേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൊല്ലം തേവള്ളി ജെട്ടിയില്‍ നിന്ന് ദേശീയ ജലപാത 3 (എന്‍.ഡബ്ല്യു 3) വഴി ആരംഭിച്ച പര്യവേഷണം പാതിരാമണല്‍ ദ്വീപ് പക്ഷി സങ്കേതം വഴി തിരികെയെത്തും. 220 കിലോമീറ്ററാണ് ടീം പിന്നിടുന്ന ആകെ ദൂരം. മുഴുവന്‍ പര്യവേഷണ ടീമിനെയും ഒരു ലോജിസ്റ്റിക് ടീം പിന്തുണ നല്കുകയും, ഈ ടീം റോഡ് വഴി സമാന്തരമായി സഞ്ചരിച്ച് തുഴച്ചില്‍ പരിവേഷകരെ നിരീക്ഷിക്കുകയും എല്ലാ സ്റ്റോപ്പേജ് പോയിന്റുകളിലും മുന്‍കൂര്‍ ക്രമീകരണം ഉറപ്പാക്കുകയും ചെയ്യും. 8 ഘട്ടങ്ങളായി തിരിച്ച പര്യവേഷണം ക്ലാപ്പന, പുറക്കാട്, പുന്നമട, കണ്ണങ്കര എന്നിവിടങ്ങളില്‍ രണ്ട് രാത്രി തങ്ങും.

10 ദിവസത്തെ തുഴച്ചില്‍ പര്യവേഷണത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള 35 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളും ഉള്‍പ്പെടെ 65 കേഡറ്റുകളുണ്ട്. ഈ കേഡറ്റുകളുടെ നീന്തല്‍ വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, അഭിരുചി, ദീര്‍ഘദൂര യാത്രയില്‍ പങ്കെടുക്കാനുള്ള സന്നദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. പര്യവേഷണ വേളയില്‍ കുമാരനാശാന്‍ സ്മാരകം, നക്കാട് പുന്നമട, ക്ലാപ്പന എന്നിവിടങ്ങളില്‍ കവിതാ പാരായണവും സാമൂഹ്യസേവനവും ഉള്‍പ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും കൂടാതെ പുന്നമട ജെട്ടിയില്‍ മൂകാഭിനയവും കരുമാടി ജെട്ടിയില്‍ മയക്കുമരുന്ന് വിരുദ്ധ റാലിയും സംഘടിപ്പിക്കും.

കൊല്ലം 3 കേരള നേവല്‍ എന്‍സിസി യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണനാണ് 10 ദിവസത്തെ സാഹസിക തുഴച്ചില്‍ ടീമിനെ നയിക്കുന്നത്. അഷ്ടമുടിക്കായലിലൂടെയും വേമ്പനാട് കായലിലൂടെയും മൂന്ന് ഡികെ വേലര്‍ ബോട്ടുകളിലായാണ് പര്യവേഷണം. എല്ലാ കേഡറ്റുകള്‍ക്കും തുഴച്ചില്‍ പരിശീലനത്തിന് അവസരം ലഭിക്കുന്ന തരത്തില്‍ ക്രൂവിനെ പതിവായി മാറ്റും. 3 (കേരള) നേവല്‍ യൂണിറ്റ് എന്‍സിസിയിലെ ജീവനക്കാര്‍ വഴിയില്‍ അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനായി വിപുലമായ പരിശോധനനടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *