Breaking News

ലീഗ് മത്സരിക്കുന്നത് സി.പി.എമ്മില്‍നിന്ന് അച്ചാരം വാങ്ങി: കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തിനിടെ

വര്‍ക്കല: ലീഗിനെയും സി.പി.എമ്മിനെയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. സി.പി.എമ്മിന്റെ കയ്യില്‍നിന്ന് അച്ചാരംവാങ്ങിയാണ് മുസ്‌ലിം ലീഗ് വര്‍ക്കല മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നതെന്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം പി.എം.ബഷീര്‍ ആരോപിച്ചു. വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന്റെ ജനദ്രോഹ ഭരണത്തിനെതിരെ വിധിയെഴുതി യു.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ വര്‍ക്കലയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. വര്‍ക്കല നഗരസഭയിലുള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും. എല്‍.ഡി.എഫിന്റെ കോട്ടകള്‍ തകരും. ബി.ജെ.പിയുടെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തകരും-അദ്ദേഹം പറഞ്ഞു.
ലീഗ് വര്‍ക്കലയില്‍ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ പോകുന്നില്ല. വിമത സ്ഥാനാര്‍ത്ഥികള്‍ ഭീഷണിയാകുമോയെന്ന ചോദ്യത്തിന് യു.ഡി.എഫില്‍ മാത്രമല്ല എല്ലാ പാര്‍ട്ടികളിലും വിമതര്‍ ഉണ്ടാവാറുണ്ട്. അത് എല്ലാക്കാലവും സംഭവിക്കുന്നതാണ്. വിമത സ്ഥാനാര്‍ത്ഥികള്‍ യു.ഡി.എഫിന്റെ വിജയത്തിന് ഭീഷണിയാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം ദാവൂദ് വര്‍ക്കലയ്ക്ക് നേരെയും അദ്ദേഹത്തിന്റെ റിസോര്‍ട്ടിന് നേരെയും ഉണ്ടായ അക്രമത്തെ അദ്ദേഹം അപലപിച്ചു. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ തന്നെ കണ്ടെത്തണം. വര്‍ക്കല പോലീസ് വിചാരിച്ചാല്‍ രണ്ട് ദിവസംകൊണ്ട് പ്രതികളെ കണ്ടെത്താന്‍ സാധിക്കും.
സംഭവത്തില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ആര്‍ക്കും അവസരം ഉണ്ടാക്കിക്കൊടുക്കരുത്. വര്‍ക്കലയില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സമാധാനം ആഗ്രഹിക്കുന്നവരാണ് വര്‍ക്കലയിലെ ജനങ്ങള്‍. ആക്രമണം നടന്ന റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേടാണെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാക്കിയത്.
എന്നാല്‍ ആ പ്രദേശങ്ങളില്‍ വേറെയും സി.സി.ടി.വികളുണ്ട്. അവയുടെ സഹായത്തോടെ എത്രയും വേഗം പ്രതികളെ കണ്ടെത്താന്‍ വര്‍ക്കല പോലീസിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളന്‍ കപ്പലിലാണോ കടലിലാണോ എന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.രഘുനാഥന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *