Breaking News

അധികാരത്തില്‍ വന്നാല്‍ വര്‍ക്കലയില്‍ 1000 കോടിയുടെ വികസനമെന്ന് ബി.ജെ.പി

ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനത്തിനിടെ

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ അധികാരത്തിലെത്തിയാല്‍ അമൃത നഗരം പദ്ധതിയിലൂടെ 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ബി.ജെ.പി. വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി പുറത്തിറക്കിയ വികസന രേഖയെ കുറിച്ചുള്ള വിവരങ്ങളും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കുവച്ചു.
നഗരസഭയിലെ 33 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നഗരസഭ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ വികലമായ പ്രവര്‍ത്തനങ്ങളും വികസന മുരടിപ്പും ബി.ജെ.പിയുടെ വികസന രേഖയിലുണ്ട്. വികസന രേഖയുടെ ഒരു വശം ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളാണെങ്കില്‍ മറുവശം ഇടത്-വലത് സര്‍ക്കാരുകള്‍ക്കെതിരെയുള്ള കുറ്റപത്രമാണ്-ബി.ജെ.പി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലന്‍ പറഞ്ഞു.
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വര്‍ക്കല നഗരസഭയെ അമൃതനഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. വര്‍ക്കല ചരിത്രമുറങ്ങുന്ന നഗരമാണ്. അതിന്റെ എല്ലാ പ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ വര്‍ക്കലയെ ഹൈടെക് നഗരമാക്കി മാറ്റുകയെന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇടത്-വലത് മുന്നണികള്‍ വര്‍ക്കല ജനതയ്ക്ക് സമ്മാനിച്ച ദുരന്ത സ്മാരകമാണ് നഗരസഭ ഠൗണ്‍ഹാള്‍.
ജനങ്ങളുടെ ശക്തമായ പിന്തുണ ബി.ജെ.പിക്കുണ്ട്. അതുകൊണ്ടുതന്നെ 21 സീറ്റുകളില്‍ വിജയിച്ച് അധികാരത്തിലേറുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. വര്‍ക്കലയില്‍ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പരിഹാരം കാണും. പാപനാശം ബീച്ചിനെ മദ്യ-മയക്കുമരുന്ന് മാഫിയകളില്‍നിന്ന് മോചിപ്പിക്കും. സാധാരണക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കത്തക്ക വിധത്തില്‍ നഗരസഭ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും സുഗമവും കാര്യക്ഷമവുമാക്കും. ശിവഗിരി ടൂറിസം പദ്ധതി നടപ്പിലാക്കും. നഗരസഭയിലെ മദ്രസകള്‍ നവീകരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെന്‍ഷന്‍ വിതരണം ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് സി.പി.എം പ്രാദേശിക നേതാക്കളാണ്. അതിലൂടെ സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ദാനശീലന്‍ ആരോപിച്ചു. പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ സ്വപ്‌ന ശേഖറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്താനുള്ള അധികാരം മണ്ഡലം പ്രസിഡന്റിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ചെറുവയ്ക്കല്‍ ജയന്‍, മുനിസിപ്പാലിറ്റി ബി.ജെ.പി പ്രസിഡന്റ് കെ.രാമചന്ദ്രന്‍, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് പരസ്യ പ്രചരണവിഭാഗം കണ്‍വീനര്‍ ബി.മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *