Breaking News

ചന്ദ്രയാന്‍ 3: ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായക ഘട്ടം വിജയം

ചെന്നൈ: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടം വിജയകരം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ വേര്‍പെടുന്ന നിര്‍ണായക ഘട്ടമാണ് വിജയകരമായി പിന്നിട്ടത്. ഇതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ വിട്ടു ലാന്‍ഡര്‍ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ചന്ദ്രനില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാന്‍ഡര്‍ ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടമായ ഡീബൂസ്റ്റിങ് നാളെ നാല് മണിക്ക് നടക്കുമെന്നാണ് ഇസ്‌റോ അറിയിച്ചത്.

ത്രസ്റ്റര്‍ എന്‍ജിന്‍ ഉപയോഗിച്ചു വേഗം കുറച്ചു ലാന്‍ഡര്‍ താഴേക്കിറങ്ങുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിങ്. ചന്ദ്രോപരിതലത്തിനു 800 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ 2 ത്രസ്റ്റര്‍ എന്‍ജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പനേരം നിശ്ചലമായി നില്‍ക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാകും താഴെയിറങ്ങുന്നത്. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇത്തവണ ലാന്‍ഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാന്‍ സഹായിക്കും.

23 ന് വൈകിട്ട് 5.47നു ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് ഇസ്‌റോയുടെ വിലയിരുത്തല്‍. തുടര്‍ന്നു ലാന്‍ഡറില്‍ നിന്ന് റാംപ് തുറന്ന് റോവര്‍ പുറത്തിറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ റോവറിന് കഴിയും. ബെംഗളുരുവിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് (ഇസ്ട്രാക്) ആണു പേകടത്തെ നിയന്ത്രിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *