

വര്‍ക്കല: സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവില ലഭ്യമാക്കണമെന്ന് നവകേരളം കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ്. കാര്‍ഷിക മേഖലയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ജോലിക്കൂലിയും മറ്റ് അനുബന്ധ ഉല്പാദന ഉപാധികളുടെ വിലവര്‍ധനവും മൂലം കൃഷിച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവില ലഭ്യമാക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും മികവ് തെളിയിച്ച കര്‍ഷകരെ ആദരിക്കലും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും വേണ്ട നൂതന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി മറ്റെല്ലാ മേഖലയും എന്നപോലെ കാര്‍ഷിക മേഖലയെയും കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തെ തരിശു രഹിതമാക്കി ‘എല്ലാവരും കൃഷിയിലേക്ക്’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയത്തിലെത്തിക്കാന്‍ നേതൃത്വം നല്കി കര്‍ഷകരോടൊപ്പം മുന്നോട്ടുപോകുന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോറം ഓര്‍ഗനൈസിങ് സെക്രട്ടറി വര്‍ക്കല മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുബാറക്ക് റാവുത്തര്‍ കര്‍ഷകദിന സന്ദേശം നല്കി. സംഘമിത്ര സംസ്ഥാന കണ്‍വീനര്‍ വള്ളക്കടവ് സുബൈര്‍, ഫോറം ജോയിന്റ് സെക്രട്ടറി ആര്.പ്രകാശ് എന്നിവര്‍ സംസാരിച്ചു. ചെറുന്നിയൂര്‍ പഞ്ചായത്ത് മേഖലയിലെ മികച്ച നെല്‍ കര്ഷകന് നസീമുദ്ദീന് കൊച്ചുവീട്, പച്ചക്കറി-കാലി വളര്‍ത്തല്‍ മേഖലയില്‍ മികവ് തെളിയിച്ച റീത്ത കാട്ടുവിള എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.