Breaking News

ഭക്തിയുടെ പ്രാധാന്യമേകി ഒരു കര്‍ക്കിടകം കൂടി

പഞ്ഞമാസത്തില്‍ നിന്നും കര്‍ക്കിടകത്തെ ഭക്തി മാസം ആക്കിക്കൊണ്ട് ഇന്ന് രാമായണ ശീലുകള്‍ മലയാള കരയാതെ അലയടിക്കുകയാണ്. വിഷാദത്തില്‍ അടിമപ്പെട്ടിരിക്കുന്ന ആധുനിക മനുഷ്യ മനസ്സുകള്‍ക്ക് ധര്‍മ്മ ബോധം ഏകിക്കൊണ്ട് ഒരു സിദ്ധൗഷധമായി ഈ രാമായണ ശീലുകള്‍ മാറുന്നു.
ലക്ഷ്മണോപദേശവും താരോപദേശവും വിഭീഷണഗീതയും രാക്ഷസരാജാവായ രാവണന് ഹനുമാന്‍ നല്‍കുന്ന ആത്മ ഉപദേശവും ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ തപസ്സിനിയായ ശബരിക്ക് നല്‍കുന്ന സന്ദേശവും സംസാരജീവിതത്തിന്റെ നിരര്‍ത്ഥകത സ്പഷ്ടമാക്കിക്കൊണ്ട് ജ്യേഷ്ഠ സഹോദരനായ രാവണന് കുംഭകര്‍ണ്ണം നല്‍കുന്ന (കുംഭകര്‍ണ്ണന്റെ നീതി വാക്യം എന്ന പേരില്‍ ഇത് പ്രസക്തമാണ്) സന്ദേശവും ഭക്ത മനസ്സുകള്‍ക്ക് ആത്മവിദ്യയുടെ ആനന്ദനുഭൂതി പകരുന്നു.

ഭക്തിയും അവയുടെ പ്രാധാന്യവും അത് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അത് വര്‍ദ്ധിപ്പിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളും എല്ലാം ലക്ഷ്മണോപദേശത്തിലൂടെ ഭക്തജനങ്ങള്‍ക്ക് ലഭിക്കുന്നു. ക്രിയാ മാര്‍ഗ്ഗോപദേശം എന്ന പേരില്‍ പ്രസക്തമായ ഈ സന്ദേശങ്ങള്‍ ആധുനിക യുവമനസ്സുകള്‍ക്ക് സാന്ത്വനമാണ്.
ഭൗതിക ജീവിതത്തില്‍ സുഖഭോഗങ്ങളോട് ആസക്തി വര്‍ദ്ധിച്ചു ധനമാര്‍ജിക്കുവാനായി തിരക്കിട്ട് ഓട്ടപാച്ചിലുകള്‍ നടത്തുന്ന മനുഷ്യ സമൂഹത്തിന് ശരിയായ ദിശാബോധം ലഭിക്കാനും തങ്ങളുടെ ജീവിതത്തെ ആത്മീയ ചിന്തകളിലൂടെ സന്തുലനാവസ്ഥയില്‍ എത്തിക്കാനും ഈ കര്‍ക്കിടകത്തില്‍ രാമായണ പാരായണങ്ങളിലൂടെ കഴിയുമാറാകട്ടെ.

Related posts

Leave a Reply

Your email address will not be published. Required fields are marked *