

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ നടന്ന പരിപാടി ഇത്തവണ ഡിസംബറിലാകും നടക്കുക. കഴിഞ്ഞ തവണത്തേതുപോലെതന്നെ ചെലവ് സ്പോണ്സര് ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാം സ്പോണ്‍സര്‍ഷിപ്പിലെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കേരളീയം പരിപാടി വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.


അതേസമയം, കേരളീയം പരിപാടിയുടെ കഴിഞ്ഞ തവണത്തെ കണക്ക് ഇതുവരെ പുറത്തുവട്ടിട്ടില്ല. പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോണ്‍സര്‍ഷിപ്പ് കണക്കുകള്‍ ചോദിച്ചിട്ടും കണക്കുകള്‍ പുറത്തുവിടാതെ ഒഴിഞ്ഞുമാറുകയാണ് ബന്ധപ്പെട്ട വകുപ്പുകള്‍. ഏറ്റവും ഒടുവില്‍ നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും പബ്ലിക് റിലേഷന്‍ വകുപ്പ് ചെലവഴിച്ച കണക്കുകള്‍ മാത്രമാണ് പുറത്ത് വന്നിട്ടത്. കേരളീയം പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഴ് കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്.


ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നല്‍കിയത്. രണ്ടാം ദിനം മുകേഷ് എംഎല്‍എയും ജിഎസ് പ്രദീപും ചേര്‍ന്ന് സംഘടിപ്പിച്ച സ്പെഷ്യല്‍ ഷോ, സര്‍ക്കാര്‍ കണക്കില്‍ നല്‍കിയത് 8,30,000 രൂപ. മുരുകന് കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകള്‍ കോര്‍ത്തിണക്കി കാവ്യ 23 എന്ന പേരില്‍ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെ.എസ്.ചിത്രയുടെ ഗാനമേള, സര്‍ക്കാര്‍ നല്‍കിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷന്‍ ഷോക്ക് 3,80,000. സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചേര്‍ന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നല്‍കിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം.ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചത്.

