
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് പി.ബി.സുരേഷ് കുമാറും ജസ്റ്റിസ് കെ.ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ട് വിധി പറഞ്ഞത്. കോടതി വിധി ജലീലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി കെ.ടി.ജലീലിന്റെ വാദം കേട്ടത്. പ്രാഥമികമായ അന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ജലീല്‍ കോടതിയില്‍ വാദിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ ലോകായുക്ത പാലിച്ചില്ലെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു.
എന്നാല്‍, അന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. അതേതുടര്‍ന്നാണ് അന്നുതന്നെ ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ഇന്ന് വിധി പറഞ്ഞ ഹൈക്കോടതി ലോകയുക്തയുടെ ഉത്തരവില്‍ യാതൊരു തെറ്റുമില്ലെന്ന് നിരീക്ഷിച്ചു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബന്ധുവായ കെ.ടി.അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനത്തിനായി ഇടപെട്ടതാണ് വിവാദമായത്. തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു എന്നതായിരുന്നു ആരോപണം.
വിവാദ നിയമനത്തെ തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസാണ് ജലീലിനെതിരേ ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് അദീബ് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്ക് മടങ്ങി. എടപ്പാള്‍ തലമുണ്ട സ്വദേശി വി.കെ.ഷാഫിയാണ് ബന്ധുനിയമനത്തിനെതിരേ ലോകായുക്തയെ സമീപിച്ചത്.
ബന്ധുവിന് നിയമനം ലഭിക്കും വിധം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ മന്ത്രി ഇടപെട്ടുവെന്നതിന് തെളിവുണ്ടെന്ന് ലോകായുക്ത കണ്ടെത്തി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി, സ്ഥാനത്ത് തുടരരുതെന്നും ലോകായുക്ത നിര്‍ദേശിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.