
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കടുത്ത ആരോപണവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി. അമ്പലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജി.സുധാകരന്‍ സഹായിച്ചുവെന്നാണ് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. എം.ലിജുവായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. നേരത്തെ, മന്ത്രിക്കുനേരെ ഉയര്‍ന്ന സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വിവാദത്തില്‍ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സുധാകരനെ കുറ്റപ്പെടുത്തിയപ്പോള്‍ എം.ലിജു അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ലഭിച്ച സഹായത്തിന് പ്രത്യുപകാരമായിരുന്നു ലിജുവിന്റെ പിന്തുണയെന്നും ലോക്കല്‍ കമ്മിറ്റിയില്‍ പരാമര്‍ശമുണ്ടായി.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മന്ത്രി സംസാരിച്ചതില്‍ നടപടി വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ മുന്‍പും മന്ത്രി സംസാരിച്ചിട്ടുണ്ടെന്നും സംഘടനാപരമായ താക്കീത് മന്ത്രിക്കു നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തിനെത്തിയ 12 ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ 11 പേരും സുധാകരനെതിരെ സംസാരിച്ചു. അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച്.സലാം കൂടി പങ്കെടുത്ത യോഗത്തിലാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ജില്ലാ സെക്രട്ടറിയോ സലാമോ മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമോ പ്രാദേശിക നേതാക്കളുടെ വിമര്‍ശനങ്ങളെ എതിര്‍ത്തില്ല. പൊലീസ് കേസ് ഒഴിവാക്കി പാര്‍ട്ടിതലത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായത്തോടു ഭൂരിഭാഗം അംഗങ്ങളും യോജിച്ചുമില്ല. യുവതി പരാതിയുമായി മുന്നോട്ടു പോകട്ടെയെന്നു കമ്മിറ്റി അംഗങ്ങള്‍ നിലപാടെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവായ മന്ത്രിയുടെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗവും യോഗത്തില്‍ പങ്കെടുത്തു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ല എന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണു മന്ത്രിക്കെതിരെ അടുത്ത ആരോപണമുണ്ടായിരിക്കുന്നത്.