Breaking News

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്: എം.സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; ജയം കെ.ബാബുവിന് തന്നെ

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കെ.ബാബുവിന് തന്നെയെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സ്വരാജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.ബാബുവിന്റെ വിജയ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തെരഞ്ഞെടുപ്പില്‍ മത ചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് ആരോപിച്ചായിരുന്നു സ്വരാജ് കോടതിയെ സമീപിച്ചത്. എന്നാല്‍, സ്വരാജിന്റെ ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികള്‍ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷിമൊഴികള്‍ സംശയത്തിന് അതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റവുമധികം ചര്‍ച്ചയായ മണ്ഡലങ്ങളിലൊന്നായിരുന്നു ഹിന്ദുവോട്ടുകള്‍ ഏറെയുളള തൃപ്പൂണിത്തുറ. സിറ്റിങ് എം.എല്‍.എയായിരുന്ന സ്വരാജിനെ 992 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കോണ്‍ഗ്രസിലെ കെ.ബാബു വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് പ്രചാരണം നടത്തിയതെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.

വീടുകളില്‍ വിതരണം നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രവും വിതരണം ചെയ്തുവെന്നും സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്‌ക്കൊപ്പം അയ്യപ്പന്റെ ചിത്രവും കൂടി ചേര്‍ത്ത് പ്രചരണം നടത്തിയെന്നുമായിരുന്നു സ്വരാജിന്റെ ആരോപണം. താന്‍ തോറ്റാല്‍ മണ്ഡലത്തില്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നും സ്വരാജ് വാദിച്ചു. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പും തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയാണ് ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം കോടതി അംഗീകരിച്ചത്.

അതേസമയം, ജനകീയ കോടതി വിധി മാനിക്കാത്ത സി.പി.എം കോടതി വിധിയെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്നും കെ.ബാബു പ്രതികരിച്ചു. വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ കെ.ബാബു കോടതിവിധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിധി പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍കുന്ന സാഹചര്യത്തില്‍ ഈ കോടതി വിധി കെ.ബാബുവിന് മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിക്കും യു.ഡി.എഫിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *