Breaking News

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം: മുഖ്യമന്ത്രി പിണറായി വിജയന്‍

വര്‍ക്കല: പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കല പാലച്ചിറ മേവ കണ്‍വെന്‍ഷന്‍ സെന്ററില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. നിശതമായ ഭാഷയിലാണ് അദ്ദേഹം ആര്‍.എസ്.എസിനെതിരെ സംസാരിച്ചത്. രാജ്യത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരോട് മതപരമായ വേര്‍തിരിവ് കാണിക്കുന്നത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസ് നിലപാടുകള്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങളെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഇന്ത്യ. എന്നിട്ടും പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാന്‍ അമേരിക്ക തയാറായില്ല. എന്നാല്‍ പ്രതികരിക്കേണ്ട ഒരു വിഭാഗം ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നും കോണ്‍ഗ്രസിനെ ഉന്നവച്ച് പിണറായി വിജയന്‍ പറഞ്ഞു. 2019-ല്‍ പൗരത്വ നിയമ ഭേഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായിരുന്നു. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിനോയ് വിശ്വം തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഒരു കോണ്‍ഗ്രസുകാരനെയും ആ വഴിക്ക് കണ്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സംഘപരിവാര്‍ ആശയം നടപ്പാക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളമൊട്ടാകെ പ്രതിഷേധിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഒപ്പം നിന്ന കോണ്‍ഗ്രസ് പാര്‍ട്ടി പിന്നീട് പ്രതിഷേധത്തില്‍നിന്ന് പിന്‍വാങ്ങിയത് അഖിലേന്ത്യാ ഘടകത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ആരോപിച്ചു. ലോകത്തുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധി പക്ഷേ, പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മിണ്ടിയിട്ടില്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രകടന പത്രികയില്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, പൗരത്വ നിയമ ഭേദഗതി എന്ന വാക്കുപോലും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇല്ല- പിണറായി വിജയന്‍ ആരോപിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍ നടപടിക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചു.

യു.ഡി.എഫിന്റെ ഭരണകാലത്ത് പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകുമെന്ന ഭയത്തിലായിരുന്നു കേരളം. ആശുപത്രികളില്‍ പഞ്ഞിപോലും ഇല്ലാത്ത അവസ്ഥയായിരുന്നു അക്കാലത്ത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ കോവിഡിനെ കേരളം മാതൃകാപരമായാണ് പ്രതിരോധിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന നിരവധി നടപടികള്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും അതിനെതിരെയൊന്നും പ്രതികരിക്കാന്‍ കേരളത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് എം.പിമാര്‍ തയാറായില്ല-അദ്ദേഹം കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *