

തിരുവനന്തപുരം: കിറ്റ് വാങ്ങാത്തവര്‍ക്ക് നാളെയും കൂടി വാങ്ങാമെന്നും പി.ആര്.എസ് വായ്പ കര്‍ഷകര്‍ക്ക് ബാധ്യത ആകില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. ഓണ വിപണിയില്‍ സര്‍ക്കാര്‍ മികച്ച ഇടപെടലുകള്‍ നടത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. 7 കോടി രൂപയുടെ വില്പന 14 ഓണം ഫെയറുകള്‍ വഴി നടന്നു. സപ്ലെയ്കോക്ക് സബ്സിഡി ഇനത്തില്‍ മാത്രം 30 കോടിയുടെ അധിക ബാധ്യത വന്നിട്ടുണ്ട്. 83 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. കോട്ടയത്ത് 37000 കിറ്റ് കൊടുക്കാനുണ്ട്. 510754 കിറ്റ് കൊടുത്തു കഴിഞ്ഞു-മന്ത്രി വ്യക്തമാക്കി.

നെല്‍കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു. നെല്ലിന്റെ വില കിട്ടാനുള്ള കാലതാമസം ഒഴിവാക്കാനാണ് 2018 മുതല്‍ പി.ആര്.എസ് വായ്പ സംവിധാനം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ആര്.എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ക്ക് ബാധ്യത ആകില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ഉല്പാദിപ്പിച്ച നെല്ല് അത്രയും സര്‍ക്കാര്‍ സംഭരിച്ചു. 2070.70 കോടിയാണ് വില. 1854 കോടി രൂപ കൊടുത്തു തീര്‍ത്തു.

അതേസമയം, കേന്ദ്രവിഹിതം വൈകുന്നതാണ് കാര്‍ഷിക മേഖലയുടെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രവിഹിതം ലഭിക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. ഇക്കാര്യം അധികം ആളുകള്‍ക്ക് അറിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 216 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളപ്പോള്‍ 637.6 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളതെന്നും മന്ത്രി വിശദമാക്കി.

