Breaking News

വനിതാ ഡോക്ടറുടെ ലൈംഗിക അതിക്രമ പരാതി പൊലീസിന് കൈമാറും

കൊച്ചി: സീനിയര്‍ ഡോക്ടര്‍ തനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന വനിതാ ഡോക്ടറുടെ പരാതി പോലീസിന് കൈമാറാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 2019 ലായിരുന്നു സംഭവം നടന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സീനിയര്‍ ഡോക്ടര്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിച്ച തന്നെ ബലമായി ചുംബിച്ചെന്നാണ് വനിതാ ഡോക്ടര്‍ ആരോപിക്കുന്നത്.

2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. അന്ന് ഫോണ്‍ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. പരാതി മറച്ചുവെച്ചോ എന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ കൃത്യമായി അറിയാന്‍ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമായിരിക്കും അന്വേഷിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *