Breaking News

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: എൻ.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് ആദ്യമായി പൂർവ്വ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുൻ എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു.
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ സി.ജി. അരുൺ സംഗമം ഉദ്ഘാടനം ചെയ്തു.

രാഷ്ട്രനിർമാണത്തിനൊപ്പം മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിലും എൻ.സി.സി നിർണായക പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ കേഡറ്റുകളും മുൻ കേഡറ്റുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി എൻ.സി.സിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2047-ഓടെ വികസിത ഭാരതം എന്ന ദേശീയ ദൗത്യത്തിന് പിന്തുണ നൽകുന്നതിനായി മുൻ എൻ.സി.സി കേഡറ്റുകളുടെ അനുഭവവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന എൻ.സി.സി പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ സംഗമമെന്ന് സംഘാടകർ അറിയിച്ചു.
സായുധ സേന, സിവിൽ സർവീസ്, കോർപ്പറേറ്റ് മേഖല, അക്കാദമിക് രംഗം, കായികം, സംരംഭകത്വം, പൊതുസേവനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുൻ എൻ.സി.സി കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.

എൻ.സി.സി കേഡറ്റുകളുടെ സാംസ്കാരിക പരിപാടികൾ, മുൻ കേഡറ്റുകളുടെ അനുഭവപങ്കിടൽ, ഓപ്പൺ ഹൗസ് തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടി. കേരള-ലക്ഷദ്വീപ് മേഖലയിലെ മുൻ എൻ.സി.സി കേഡറ്റുകളുടെ വിവരശേഖരം തയ്യാറാക്കി അവരുമായി സ്ഥിരബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികളും ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്.

വിനോദ് കുമാർ (ഐ.ആർ.എസ്), കേണൽ ജഗജീവ് ജി, മീന നായർ, സജീവ് വി.എസ്, കേണൽ എസ്. ഡിന്നി, വിദർഭ കെ. വിനോദ് എന്നിവർ എൻ.സി.സി ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *