

ദില്ലി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഇന്നും അന്തിമവാദം തുടങ്ങിയില്ല. ഇപ്രാവശ്യം 110 നമ്പര്‍ കേസായിട്ടാണ് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വാദം കേള്‍ക്കേണ്ട കേസ് സമയക്കുറവ് കാരണം മാറ്റുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള കേസില്‍ വാദം തുടരുന്നതിനാലാണ് ലാവലിന്‍ അടക്കം കേസുകള്‍ കോടതി ഇന്ന് പരിഗണിക്കാതിരുന്നത്. ഇന്നലെയും കേസ് സമയക്കുറവ് കൊണ്ട് മാറ്റിയിരുന്നു. ആകെ നാല്‍പത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജികളടക്കമാണ് സുപ്രീംകോടതിയിലുള്ളത്.







