

തിരുവനന്തപുരം: വേനല്‍ച്ചൂട് കത്തിക്കാളുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 6 വരെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ 3 മണിവരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും. പൊലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാംപുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം.



കലാ-കായിക മത്സരങ്ങളോ പരിപാടികളോ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നടത്തരുത്. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റു കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്നും തീരുമാനിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.




