

ദോഹ: ഖത്തറില്‍ കോവിഡിന്റെ പുതിയ വകഭേദം ഇ.ജി.5 സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ആരോഗ്യ മേഖല നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രോഗബാധിതരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദം ഇ.ജി.5 ബാധിച്ച ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീര താപനില 38 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ഉള്ളവര്‍, വിറയല്‍, ക്ഷീണവും ശരീര വേദനയും, നെഞ്ചു വേദനയോടു കൂടിയ ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

ഇ.ജി.5 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഗുരുതര അണുബാധ പിടിപെടാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സുരക്ഷിത അകലം പാലിക്കുക, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമായി ചികിത്സ തേടുക തുടങ്ങിയ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവരിലാണ് രോഗം പിടിപെടാന്‍ സാധ്യത കൂടുതലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗള്‍ഫ് മേഖലയിലുള്‍പ്പെടെ 50 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമായ ഇ.ജി.5 സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. ഇ.ജി.5 ന് പുറമെ ബി.എ.2.86 എന്ന വകഭേദം യു.എസ്, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ പോലെ പുതിയ 2 വകഭേദങ്ങളും ഗുരുതര ലക്ഷണങ്ങള്‍ക്കോ രോഗാവസ്ഥയ്ക്കോ ഇടയാക്കുമെന്നതിന് ഇതുവരെ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

