Breaking News

തോക്കുകള്‍ പിടിച്ചെടുത്ത കേസ്: കസ്റ്റഡിയിലെടുത്തവരെ സ്വന്തം ബോണ്ടില്‍ വിട്ടയച്ചു

പോലീസ് പിടിച്ചെടുത്ത എയര്‍ പിസ്റ്റളുകളും എയര്‍ ഗണ്ണും ക്ലോറോഫാം കുപ്പിയും

വര്‍ക്കല: വര്‍ക്കല കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടില്‍നിന്ന് തോക്കുകളും ക്ലോറോഫാം കുപ്പിയും പിടിച്ചെടുത്ത സംഭവത്തില്‍ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തവരെ സ്വന്തം ബോണ്ടില്‍ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച വൈകിട്ടാണ് ഇവരെ വിട്ടയച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് വാടക വീട് റെയ്ഡ് ചെയ്ത് തോക്കുകളും ക്ലോറോഫാം കുപ്പിയും കണ്ടെത്തിയത്. ആ സമയം വീട്ടിലുണ്ടായിരുന്ന പത്തംഗ സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരില്‍നിന്ന് പിടിച്ചെടുത്ത എയര്‍ പിസ്റ്റളും എയര്‍ ഗണ്ണും പെല്ലറ്റ് വിഭാഗത്തില്‍ പെടുന്നതാണെന്നും ഇത് കൈവശം വയ്ക്കാന്‍ ലൈസന്‍സ് ആവശ്യമില്ലെന്നും പോലീസ് പറഞ്ഞു. ഇവരുടെ പക്കല്‍നിന്നും കേസെടുക്കാന്‍ പര്യാപ്തമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. ക്ലോറോഫാം രത്‌നങ്ങള്‍ പോളീഷ് ചെയ്യാന്‍ ഉപയോഗിക്കുന്നതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. അക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും അസ്വാഭാവികമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ക്കെതിരെ ആരുടെയും പരാതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യമെന്ന് തോന്നി വിളിപ്പിച്ചാല്‍ സ്റ്റേഷനില്‍ ഹാജരാവണമെന്ന നോട്ടീസ് നല്‍കി വിട്ടയച്ചതെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, രത്‌ന വ്യാപാരത്തിന്റെ മറവില്‍ പണം തട്ടാനുള്ള ഉദ്ദേശം ഈ സംഘത്തിനുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്‍പ്പെടെ അന്വേഷണം തുടരുകയാണെന്നും പോലീസ് വിശദീകരിച്ചു.
വര്‍ക്കല സ്വദേശികളായ മനു ഷാജഹാന്‍, സുരേഷ്, നൗഷാദ്, കൊല്ലം സ്വദേശിയായ ജയകുമാര്‍, ആലപ്പുഴ സ്വദേശിയായ ഷിജു, തിരുവനന്തപുരം സ്വദേശി ഡോണ്‍ എന്ന് വിളിക്കുന്ന കര്‍മ്മ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. രത്‌നം വാങ്ങിക്കാന്‍ വന്ന മധുര, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളെയും ചോദ്യം ചെയ്തിരുന്നു. മനു ഷാജഹാനാണ് ഈ സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറയുന്നു. ഇയാളാണ് തിനവിള ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാള്‍ വാടക വീട്ടിലും വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വന്തം വീട്ടിലുമായാണ്
താമസിച്ചിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *