Breaking News

വര്‍ക്കല നഗരസഭയില്‍ ഫയല്‍ അപ്രത്യക്ഷമായി; ബില്ല് മാറിക്കിട്ടാതെ കോണ്‍ട്രാക്ടര്‍ ആത്മഹത്യയുടെ വക്കില്‍

വര്‍ക്കല: വര്‍ക്കല ഗവ.എല്‍.പി സ്‌കൂളില്‍ അഞ്ച് ക്ലാസ് മുറികളും സ്റ്റെയര്‍കെയ്‌സും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോണ്‍ട്രാക്ടര്‍ ആത്മഹത്യയുടെ വക്കില്‍. സര്‍ക്കാര്‍ ഏല്‍പിച്ച പണി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഡ്വാന്‍സ് തുക കഴിച്ചുള്ള ബില്ല് മാറിക്കിട്ടാത്തതാണ് വര്‍ക്കല സ്വദേശിയായ ദിനില്‍ എന്ന കരാറുകാരനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

2009-2010 കാലഘട്ടത്തിലാണ് എസ്.എസ്.എയുടെയും വര്‍ക്കല മുനിസിപ്പാലിറ്റിയുടെ തനത് ഫണ്ടും ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തി ദിനില്‍ ഏറ്റെടുത്തത്. എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കണ്‍വീനറായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പറഞ്ഞ സമയത്തിനും ഒരു മാസം മുമ്പുതന്നെ പൂര്‍ത്തിയാക്കി കൊടുത്തിട്ടും തനിക്ക് ബില്ല് മാറിക്കിട്ടിയിട്ടില്ലെന്ന് ദിനില്‍ വര്‍ക്കല പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. 22 ലക്ഷത്തോളം രൂപ ചെലവാക്കി പണി പൂര്‍ത്തിയാക്കിയ തനിക്ക് 10 ലക്ഷത്തോളം രൂപ അഡ്വാന്‍സായി ലഭിച്ചതല്ലാതെ പിന്നീട് ഒരു രൂപപോലും തനിക്ക് കിട്ടിയിട്ടില്ലെന്നും ദിനില്‍ വ്യക്തമാക്കി.

താനും കുടുംബവും ഇന്നും വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. തന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന 2 ലോറികള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ പണി ചെയ്തതിന്റെ കൂലിയുമില്ല, ഉപജീവനമാര്‍ഗ്ഗവും ഇല്ലായെന്ന അവസ്ഥയാണെന്നും ദിനില്‍ പറഞ്ഞു. മുന്നോട്ട് ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്ത തനിക്ക് ബില്ല് മാറിക്കിട്ടിയില്ല എങ്കില്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലെന്നും ദിനില്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം, താന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കരാറിന്റെ ഫയല്‍ കാണുന്നില്ലെന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ മരണപ്പെട്ടതോടെ തുര്‍ന്ന് വന്ന ഉദ്യോഗസ്ഥനും ബില്ല് മാറിക്കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നിട്ടും നഗരസഭ യാതൊരു വിധ നടപടിയും അക്കാര്യത്തില്‍ സ്വീകരിച്ചില്ല-ദിനില്‍ ആരോപിച്ചു.

തന്റെ അനുഭവം ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് അദാലത്ത് വഴി പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സി.എം.ഒ പോര്‍ട്ടല്‍ വിശദീകരണം ചോദിച്ചപ്പോള്‍ തെറ്റായ വിവരങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് ഇപ്പോഴത്തെ മന്ത്രി ശിവന്‍കുട്ടി വര്‍ക്കല എസ്.എന്‍.കോളേജില്‍ നടത്തിയ അദാലത്തിലും പരാതി നല്‍കി.

അന്ന് അദാലത്തില്‍ നേരിട്ടെത്തി പത്ത് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുപോയ മുനിസിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ പറയുന്നത് ഫയല്‍ കാണുന്നില്ല എന്നാണ്-ദിനില്‍ പറഞ്ഞു. കടത്തിന് മേല്‍ കടവുമായി ജീവിക്കുന്ന തനിക്ക് എത്രയും വേഗം ബില്ലുകള്‍ മാറിത്തരാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളില്‍നിന്നും ഉണ്ടാവണമെന്നും ദിനില്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *