

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ ജനത നല്കിയ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പി സര്‍ക്കാര്‍ വലിയൊരു വിഭാഗം മാധ്യമങ്ങളുടെയും ഭരണ സംവിധാനങ്ങളുടെയും പിന്തുണയോടെ പണക്കൊഴുപ്പിന്റെ സഹായത്തോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്-അദ്ദേഹം പറഞ്ഞു.



അതേസമയം, സംസ്ഥാനത്ത് എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും പിണറായി വിജയന് പ്രതികരിച്ചു. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.


