Breaking News

പരിസ്ഥിതി ദിനം: മണ്ണ് പൊന്നാക്കാന്‍ പാടത്തിറങ്ങി ഞെക്കാട് സ്‌കൂളിലെ കുട്ടി കര്‍ഷകര്‍

കല്ലമ്പലം: പരിസ്ഥിതി ദിനത്തില്‍ മണ്ണ് പൊന്നാക്കാന്‍ പാടത്തിറങ്ങി ഞെക്കാട് സ്‌കൂളിലെ കുട്ടി കര്‍ഷകര്‍. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘പ്രകൃതിയാണ് ജീവന്‍, പ്രകൃതിയിലാണ് ജീവന്‍’ എന്ന സന്ദേശവുമായാണ് ഞെക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികല്‍ പാടത്തിറങ്ങിയത്. ഇളംതലമുറയ്ക്ക് കൃഷിയേയും പ്രകൃതി സംരക്ഷണത്തേയും കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതോടൊപ്പം സംഘടിപ്പിച്ചത്. സ്‌കൂളിലെ എസ്.പി.സി അംഗങ്ങളായ നാല്‍പത് കുട്ടികളാണ് പാടത്ത് നെല്‍വിത്ത് വിതച്ചത്.

‘പാഠം ഒന്ന് പാടം, നമ്മളും പാടത്തേയ്ക്ക്’ എന്ന പേരിലാണ് ഒറ്റൂര്‍ ചിറയില്‍കുളത്തിന് സമീപത്തെ ഏലായിലെ 14 സെന്റ് വയലില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. ഒറ്റൂര്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റുമായ ഒ.ലിജ നെല്‍വിത്ത് പാകി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഗവ.വിഎച്ച്എസ്എസ് പ്രധാനാധ്യാപകന്‍ സന്തോഷ്.എന്‍ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേക സ്‌കൂള്‍ അസംബ്ലി, പരിസ്ഥിതി ദിന പ്രതിജ്ഞ, ഫലവൃക്ഷതൈ നടീല്‍, പരിസ്ഥിതി സംരക്ഷണ റാലി, ദത്തെടുത്ത ഗ്രാമങ്ങളില്‍ വിവിധയിനം വൃക്ഷ തൈകളുടെ വിതരണം,സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പരിസ്ഥിതി ദിന കലാപരിപാടികള്‍, പരിസ്ഥിതി ദിന പ്രശ്‌നോത്തരി, പരിസ്ഥിതി പോസ്റ്റര്‍, ചിത്രരചനാ മത്സരങ്ങള്‍, സ്‌കൂള്‍ തോട്ടത്തില്‍ പച്ചക്കറി,മുള എന്നിവയുടെ തൈ നടീല്‍ എന്നിവയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിച്ചു.

സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ഒ.ലിജ, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സന്തോഷ്.എന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എസ്.അനില്‍കുമാര്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് കണ്‍വീനര്‍ ആര്‍.സാബു, എസ്.പി.സി സി.പി.ഒ സിജു.എസ്, എ.സി.പി.ഒ അര്‍ച്ചന ഉണ്ണി, അധ്യാപക പ്രതിനിധി സംഗീത് തുളസി, അധ്യാപക രക്ഷാകര്‍തൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കേഡറ്റുകള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍, അധ്യാപക അനധ്യാപക പ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *