Breaking News

ഇന്ന് ലോക പരിസ്ഥിതി ദിനം; തലയെടുപ്പോടെ ചെമ്പഴന്തി ഗുരുകുലത്തിലെ മുത്തശ്ശി പ്ലാവ്

ശിവഗിരി: ലോക പരിസ്ഥിതി ദിനത്തില്‍ ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയാണ് ചെമ്പഴന്തി ഗുരുകുലത്തിലെ മൂന്ന് നൂറ്റാണ്ടിലധികം പ്രായമുള്ള മുത്തശ്ശി പ്ലാവ്. ശ്രീനാരായണ ഗുരുദേവന്റെ അവതാരം കൊണ്ട് പുണ്യം നിറഞ്ഞ ചെമ്പഴന്തി വയല്‍വാരം വീടിന് സമീപം നിലകൊള്ളുന്ന ഈ മുത്തശ്ശിപ്ലാവിന് അഞ്ച് നൂറ്റാണ്ടിലധികം പ്രായം അവകാശപ്പെടുന്നവരുമുണ്ട്. ചെമ്പഴന്തി ഗുരുകുലത്തിലെത്തുന്ന ഏതൊരാളും ഈ മുത്തശ്ശി പ്ലാവിന്റെ ചാരത്ത് വന്ന് കൗതുകപൂര്‍വ്വം വീക്ഷിച്ചും ചിലര്‍ ഇവിടെ നിന്ന് ഗുരുദേവ സ്മരണ അയവിറക്കിയുമാണ് മടങ്ങുക.

പ്രായത്തിന്റേതായ അവശതകള്‍ ഏറെയുള്ളതിനാല്‍ ഈ മര മുത്തശ്ശിയുടെ കാതല്‍ കുറേയേറെ നശിച്ചിട്ടുണ്ട്. ഒരാള്‍ക്ക് കയറാവുന്ന വിധം ഉള്‍ക്കാമ്പ് ദ്രവിച്ചിട്ടുണ്ട്. കുറേ ശാഖകള്‍ ഉണങ്ങിയിട്ടുമുണ്ട്. എങ്കിലും ആരോഗ്യത്തോടെയുള്ള ശാഖകളുള്ളതില്‍ നിറയെ ഇലകളുമുണ്ട്. വര്‍ഷംതോറും ചക്കകളും ഉണ്ടാകാറുണ്ട്. മുത്തശ്ശി പ്ലാവിന് പ്രത്യേകമായ സംരക്ഷണവും നല്‍കുന്നുണ്ട്. ചുറ്റും തറകെട്ടി വിവിധ വര്‍ണ്ണ പൂച്ചെടികള്‍ തറയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ഗുരുകുലത്തിലേക്ക് പ്രധാന കവാടം കടന്നു മുന്നോട്ട് വരുമ്പോള്‍ വലത് ഭാഗത്തായാണ് പ്ലാവ് നിലകൊള്ളുന്നത്.

ചെമ്പഴന്തിയെപ്പറ്റി ചിന്തിക്കുന്നവരുടെ മനസ്സിലേക്ക് കടന്നുവരുന്ന മണയ്ക്കല്‍ ക്ഷേത്രം ഒരു കാലത്ത് ആദിവാസി കുടുംബക്കാരുടെ ആരാധനാകേന്ദ്രം കൂടിയായിരുന്നു. അവര്‍ ചിലപ്പോഴൊക്കെ ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് ആരാധന നടത്തിപ്പോകാറുണ്ട്. ശിവഗിരിയിലും കുന്നുംപാറ ക്ഷേത്രത്തിലും അരുവിപ്പുറം മഠത്തിലും ശിവഗിരി തീര്‍ത്ഥാടനകാലത്തും അല്ലാത്തപ്പോഴും വന്നുപോകുന്ന ഭക്തരില്‍ നല്ല പങ്കും ഗുരുദേവ അവതാര ഗൃഹത്തിലെത്തി പ്രാര്‍ത്ഥിച്ചേ തിരികെപ്പോവുകയുള്ളൂ. അതുപോലെ ഗുരുദേവജയന്തിക്കും ചെമ്പഴന്തി ഗുരുകുലം കണ്‍വന്‍ഷന്‍ കാലത്തും ഭക്തര്‍ മുത്തശ്ശിപ്ലാവിന് ചുറ്റും കൂടുന്നുണ്ട്. നിത്യേന നടന്നുവരുന്ന ജന്‍മനക്ഷത്രപൂജാ സമര്‍പ്പണത്തിനായെത്തുന്ന ഭക്തരും ഇവിടെവന്നേ മടങ്ങാറുള്ളൂ. ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഭരണ നിയന്ത്രണത്തിലാണ് ചെമ്പഴന്തി ഗുരുകുലം. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് ഗുരുകുലത്തിന്റെയുംസെക്രട്ടറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *