

കല്ലമ്പലം: കല്ലമ്പലത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മുത്താന പറകുന്നം പണയില്‍ ക്ഷേത്രത്തിന് സമീപം വാന്ത ദിനു എന്ന് വിളിക്കുന്ന ദിനു(40)വാണ് അറസ്റ്റിലായത്. നാവായിക്കുളം ആശാരിക്കോണം ഉത്രം വീട്ടില്‍ സത്യദാസിന്റെ മകന്‍ ഹേമന്ദ്, സുഹൃത്ത് ഷിജു എന്നിവരെയാണ് പ്രതി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതര മണിയോടെയായിരുന്നു സംഭവം.

ഹേമന്ദും പ്രതി ദിനുവും മുമ്പ് സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഹേമന്ദ് ദിനുവുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പകയാണ് ഹേമന്ദിനെയും ഷിജുവിനെയും പ്രതി ആക്രമിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം രാത്രി എട്ടരയോടെ സ്‌കൂട്ടറില്‍ വന്ന പ്രതി പണയില്‍ ക്ഷേത്രത്തിന് സമീപത്തുവച്ച് ഹേമന്ദിനെയും സുഹൃത്തിനെയും അസഭ്യം പറഞ്ഞ ശേഷം പോയിരുന്നു.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം പ്രതി തിരിച്ചുവരികയും ക്ഷേത്രത്തിന് സമീപമുള്ള തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഹേമന്ദിന്റെ സുഹൃത്ത് ഷിജുവിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഷിജുവിന്റെ കഴുത്തിനാണ് വെട്ടുകൊണ്ടത്. സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെ ഹേമന്ദിനെയും പ്രതി ആക്രമിച്ചു. മുഖത്ത് വെട്ടുകൊണ്ട് തറയില്‍വീണ ഹേമന്ദിനെ പ്രതി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ഹേമന്ദിന്റെ വലത് കൈയ്ക്കും കഴുത്തിലും തലയുടെ പിറകുവശത്തും ഇടത് കൈപ്പത്തിയിലും നെഞ്ചിലും വെട്ടേറ്റു. വലത് കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. ഷിജുവിന് കഴുത്തിലേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവം കണ്ട് ഓടിയടുത്ത ഹേമന്ദിന്റെ മറ്റ് സുഹൃത്തുക്കള്‍ക്ക് നേരെ പ്രതി വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ന് രാവിലെയാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.