

കല്ലമ്പലം: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വെട്ടി പരിക്കേല്‍പിച്ചു. കല്ലമ്പലം നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിലാണ് സംഭവം. സംഭവത്തില്‍ ഒരു പ്രതിയെ കല്ലമ്പലം പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടാം മൈല്‍ സ്വദേശിയായ അനീഷാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ അനീഷിന്റെ ബന്ധുവിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

നാവായിക്കുളം ഇരുപത്തിയെട്ടാം മൈല്‍ മേലെ കൈപ്പട വീട്ടില്‍ രാജപ്പന്‍ പിള്ളയുടെ മകന്‍ പ്രശോഭനെയാണ് പ്രതികള്‍ വെട്ടി പരിക്കേല്‍പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രശോഭന്‍ ഒന്നാം പ്രതി അനീഷിന് പണം കടം നല്‍കിയിരുന്നു. കടം നല്‍കിയ പണം തിരികെ ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഇരുപത്തിയെട്ടാം മൈല്‍ വായനശാലയുടെ മുന്നില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന പ്രശോഭനെ അനീഷും ബന്ധുവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പ്രതികള്‍ ആദ്യം കമ്പുകൊണ്ട് പ്രശോഭനെ മര്‍ദ്ദിക്കുകയും അതിന് ശേഷം പ്രതി അനീഷ് ഇടുപ്പില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. പ്രശോഭന്റെ ഇടത് കയ്യിലും ഇടത് കാലിലുമാണ് പ്രതികള്‍ വെട്ടി പരിക്കേല്‍പിച്ചത്. പ്രശോഭനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്ക് നേരെയും പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ഉര്‍ജ്ജിതമായ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഒന്നാം പ്രതി അനീഷ് അറസ്റ്റിലായത്.
