Breaking News

വര്‍ക്കല നഗരസഭയില്‍ സംരഭകത്വ ബോധവത്ക്കരണ ശില്‍പശാല നാളെ

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ നാളെ പൊതു സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ചിറയിന്‍കീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ശില്‍പശാലയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി നിര്‍വഹിക്കും. ഒരു വര്‍ഷം ഒരു ലക്ഷം പുതു സംരംഭങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ സംരംഭകത്വ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.

2022-23 സാമ്പത്തിക വര്‍ഷം ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും സംരംഭക വര്‍ഷമായി ആചരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഈ ലക്ഷ്യം ആദ്യം വിജയകരമായി പൂര്‍ത്തിയാക്കിയത് വര്‍ക്കല നഗരസഭയാണ്. ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് നാളെ സംഘടിപ്പിക്കുന്ന ശില്‍പശാല. സംരംഭകനാകാന്‍ താല്‍പര്യമുള്ള ഏതൊരാള്‍ക്കും ഈ ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി.ആര്‍.വി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ വികസന ഓഫീസര്‍ സ്റ്റാന്‍ലി.ജി.എസ് സ്വാഗതം പറയും. ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.എല്‍.അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, വര്‍ക്കല എ.ഒ.ബി ലീഡ് ബാങ്ക് മാനേജര്‍ മിനി ഉമ്മന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. നഗരസഭ ഇ.ഡി.ഇ വിനീഷ്.വി കൃതജ്ഞത രേഖപ്പെടുത്തും. 11 മണിക്ക് വ്യവസായ വകുപ്പില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളും ധനസഹായ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ റിട്ട.വ്യവസായ വികസന ഓഫീസര്‍ ജയന്തി.എസ് ക്ലാസ് നയിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *