Breaking News

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി വര്‍ക്കലയില്‍ അറസ്റ്റിലായി

വര്‍ക്കല: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വര്‍ക്കല അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാരക്കോട് തൃക്കോവില്‍വട്ടം കിടങ്ങില്‍ വീട്ടില്‍ സിജുകുമാര്‍(19) ആണ് അറസ്റ്റിലായത്. വര്‍ക്കല ഇടവ കാപ്പില്‍ ബീച്ചില്‍ വച്ചാണ് പ്രതി അനാഥ മന്ദിരത്തിലെ അന്തേവാസിയെ പീഡിപ്പിച്ചത്. കൊല്ലം ജില്ലയില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. കാപ്പില്‍ ബീച്ചിലെ ആളൊഴിഞ്ഞ പ്രദേശത്തുള്ള കുറ്റിക്കാട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ പെണ്‍കുട്ടിയില്‍നിന്ന് വിശദവിവരം ചോദിച്ച് മനസിലാക്കിയ ശേഷം പോലീസില്‍ വിവരമറിയിച്ചതോടെയാണ് ഊര്‍ജ്ജിതമായ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്തതിന് ശേഷം പ്രതി പെണ്‍കുട്ടിയില്‍നിന്ന് അകലാന്‍ ശ്രമിച്ചു. പെണ്‍കുട്ടി പ്രതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതോടെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. ഈ സാഹചര്യത്തിലാണ് കൗണ്‍സിലിംഗിന് എത്തിയവരോട് തന്റെ മാനസിക ബുദ്ധിമുട്ട് പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പ്രതിയെ ഇടുക്കിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *