Breaking News

വിനോദ സഞ്ചാരികളുടെ ബാഗും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

വര്‍ക്കല: വിനോദ സഞ്ചാരികളുടെ ബാഗും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചിലക്കൂര്‍ ഗാലികുന്ന് സൈദലി മന്‍സിലില്‍ ഷിബുവിന്റെ മകന്‍ ഷിഹാസ്(21) ആണ് അറസ്റ്റിലായത്. വര്‍ക്കല ആലിയിറക്കം ബീച്ചിലെത്തിയ ദമ്പതികളുടെ കാറില്‍നിന്നാണ് പ്രതി ബാഗും പണവും കവര്‍ന്നത്. കാറിലെത്തിയ ദമ്പതികള്‍ ബാഗും പണവും കാറിനുള്ളില്‍തന്നെ വച്ചശേഷം ഗ്ലാസ് ഇട്ട് ഡോര്‍ ലോക്ക് ചെയ്തശേഷം ബീച്ചിലേക്ക് ഇറങ്ങി. ഈ സമയം കാറിനടുത്തെത്തിയ പ്രതി കാറിന്റെ പുറകുവശത്തെ ഗ്ലാസ് ഇടിച്ച് തകര്‍ത്ത് ബാഗും പണവും കവര്‍ന്നെടുക്കുകയായിരുന്നു. ബാഗില്‍ പണം കൂടാതെ വിലപിടിപ്പുള്ള മറ്റ് രേഖകളും ഉണ്ടായിരുന്നു.

ദമ്പതികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വര്‍ക്കല പോലീസ് തന്ത്രപരമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ കുടുക്കിയത്. കാറിന്റെ ഗ്ലാസ് തകര്‍ക്കുന്നതിനിടെ പ്രതിയുടെ കൈക്ക് സാരമായ പരിക്കേറ്റിരുന്നു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും പ്രതി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് വിദഗ്ധ ചികിത്സ തേടിയത്. മുറിവ് പറ്റിയ ഉടന്‍ സംഭവസ്ഥലത്തുനിന്ന് മുങ്ങിയ പ്രതി പോകുന്ന വഴിയില്‍ മുറിവ് വൃത്തിയാക്കുന്നത് ശ്രദ്ധയില്‍പെട്ടയാള്‍ നല്‍കിയ വിവരമാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് സഹായകമായത്.

തുടര്‍ന്ന് സൈബര്‍ പോലീസിലെ വിദഗ്ധര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വര്‍ക്കല എ.എസ്.പി ദീപക് ധന്‍കറിന്റെ നിര്‍ദേശാനുസരണം വര്‍ക്കല എസ്.എച്ച്.ഒ പ്രവീണ്‍, ഗ്രേഡ് എസ്.ഐ ഇതിഹാസ്.ജി.നായര്‍, സി.പി.ഒമാരായ റാം ക്രിസ്റ്റ്യന്‍, അഭിജിത്ത്, സേതു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *