

പാലക്കാട്: എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച വിവാദത്തില്‍ കടുത്ത നിലപാടുമായി മുതിര്‍ന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയില്‍. എ.ഡി.ജി.പി അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് കെ.ഇ.ഇസ്മയില്‍ ആവശ്യപ്പെട്ടു. എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് വളരെ ഗൗരവമേറിയ വിഷയമാണെന്നും അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ എ.ഡി.ജി.പിയെ മാറ്റിനിര്‍ത്താനുള്ള തീരുമാനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കെ.ഇ.ഇസ്മായില്‍ പറഞ്ഞു. ഇടത് മുന്നണിയിലെ സി.പി.ഐ അടക്കം ഘടകകക്ഷികളുടെ അഭിപ്രായം എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തണം എന്നതാണ്. എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യത കൂടും. ഇങ്ങനെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.








