

മധുരൈ: തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തു. മധുര എം.പിയും സി.പി.എം നേതാവുമായ എസ്.വെങ്കടേശനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സി.പി.എം കൗണ്‍സിലറായ വിശ്വനാഥനെന്നയാള്‍ ശുചീകരണത്തൊഴിലാളിയെ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടുവെന്നും സൂര്യ ആരോപണം ഉന്നയിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി എം.പി വെങ്കടേഷിന് സൂര്യ കത്തെഴുതുകയും ചെയ്തിരുന്നു. തുടര്‍ന്ന് എം.പി വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നും സാമൂഹിക പ്രശ്‌നങ്ങളിലുള്ള ഇരട്ടത്താപ്പാണിതെന്നും ആരോപിച്ച് സൂര്യ ട്വിറ്ററില്‍ വിമര്‍ശനവും ഉന്നയിച്ചു. എം.പിയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പരാതിപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

അതേസമയം, സൂര്യയെ അറസ്റ്റ് ചെയ്തതിനെതിരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ രംഗത്തുവന്നു. വിമര്‍ശനങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്ത ഡി.എം.കെ നേതൃത്വം വിമര്‍ശനമുന്നയിക്കുന്നവരെ അറസ്റ്റിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അറസ്റ്റിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വിലക്കാണ് എസ്.ജി സൂര്യയുടെ അറസ്റ്റ് എന്ന് മന്ത്രി കുറ്റപ്പെടുത്തി. ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാനാണ് ശ്രമമെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും അത് നേരിടാന്‍ കഴിഞ്ഞേക്കില്ല എന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
